SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

'രക്ഷാപ്രവർത്തനം' അന്വേഷണം: കോടതിയിലേക്ക് കണ്ണുംനട്ട് എസ്.ഐ.ടി

1

ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി.തോമസ് എം.എൽ.എയെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച കേസിന്റെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കോടതിൽ കണ്ണും നട്ട് എസ്.ഐ.ടി. പ്രതികളുടെ മുൻകൂർ ജാമ്യഹർജിയിൽ ജില്ലാസെഷൻസ് കോടതി നാളെ വിധി പറയാനിരിക്കുകയാണ്. അതുവരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്നാണ് കോടതി നിർദേശം. വിധിയെ ആശ്രയിച്ചാകും തുടരന്വേഷണം. യു.ഡി.എഫ് സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗത്തിലെ തീരുമാനപ്രകാരമാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 15 ദിവസത്തിനകം അന്വേഷണ പുരോഗതി റിപ്പോർട്ടും ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ടും സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

ക്രൈംബ്രാഞ്ച് എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം അന്വേഷണം തുടങ്ങിയതോടെ, പ്രതികളായ അനിൽകുമാർ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവർ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. ചുമത്തിയിരുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി സെഷൻസ് കോടതി തീർപ്പാക്കിയതോടെ പ്രതികൾ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ജാമ്യഹർജി പരിഗണിച്ച മേയ് 30ന് പ്രത്യേക അന്വേഷണ സംഘം വധശ്രമക്കുറ്റം ചുമത്തി. പ്രതികൾ ജാമ്യത്തിനായി വീണ്ടും സെഷൻസ് കോടതിയിലെത്തി. ജൂൺ 1, 2,3 തീയതികളിൽ വാദം കേട്ട കോടതി പ്രതികളുടെ കസ്റ്റഡിയോ അറസ്‌റ്റോ പാടില്ലെന്ന് നിർദേശിച്ചു. പൊലീസ് ക്യാമറാമാൻ ചിത്രീകരിച്ച മർദ്ദനത്തിന്റെ ദൃശ്യങ്ങൾക്കും ഫോറൻസിക് റിപ്പോർട്ടിനുമായി ആറിലേക്ക് മാറ്റി. 6ന് ദൃശ്യങ്ങൾ പരിശോധിച്ചശേഷമാണ് നാളെ വിധി പറയാനായി മാറ്റിയത്.

 മൊഴിയും ആയുധവും നിർണായകം

നിശ്ചയിച്ച സമയപരിധിയായ ജൂൺ 18ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെങ്കിൽ പ്രതികളുടെ മൊഴിയെടുക്കലും മർദ്ദനത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തലുമുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കണം. കേസിൽ സാക്ഷിമൊഴികളും മറ്റ് തെളിവുകളും ശേഖരിച്ചിരുന്നു. നാളെ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാലും​ പ്രതികൾ ഹൈക്കോടതിയെ സമീപിക്കും. അതേസമയം, ഗൺമാൻമാരെ രക്ഷിക്കാനായി കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും ഉന്നതതലത്തിൽ നടത്തിയ ഗൂഢാലോചനയിലേക്കും നടപടികളിലേക്കും അന്വേഷണം നീണ്ടിരുന്നു. എ.ഡി.ജി.പി ഓഫീസിലെ രണ്ട് ഗ്രേഡ് എസ്.ഐമാരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NAVAKERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA