SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.07 AM IST

ആഹാരം കഴിച്ച അവശിഷ്‌ടങ്ങൾക്കൊപ്പം എറിയും, സ്‌ട്രോയിൽ നിറച്ച് വഴിയിലിടും, കൊച്ചിയിൽ മാരക ലഹരി കൈമാറ്റം ഇങ്ങനെയൊക്കെ

drug-sale

കൊച്ചി: ലഹരി കൈമാറാൻ പുതിയ തന്ത്രങ്ങളുമായി മയക്കുമരുന്ന് സംഘങ്ങൾ. 'വല്ലഭന് പുല്ലും ആയുധം' എന്നതാണ് ലഹരിവിതരണത്തിന്റെ ആപ്തവാക്യം. പൊലീസിനും എക്‌സൈസിനും പിടികൊടുക്കാതെ രാസലഹരി കൈമാറാൻ അടവുകൾ പതിനെട്ടും പയറ്റും. അന്വേഷണ ഏജൻസികൾ തന്ത്രങ്ങൾ കണ്ടെത്തുമ്പോഴേക്കും മാഫിയകളും 'അപ്‌ഡേറ്റാ'യിരിക്കും. ലഹരി വിതരണക്കാരുടെ പുതിയ ടെക്നിക്കുകൾ എക്‌സൈസ് ഇന്റലിജൻസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇടപാടുറപ്പിച്ചാൽ ലഹരിവസ്തുക്കൾ സുരക്ഷിത ഇടങ്ങളിൽ ഇട്ടുകൊടുക്കുന്നതാണ് ഇപ്പോഴത്തെ രീതി. 'ഡ്രോപ്പ്' എന്നാണ് ഇതറിയപ്പെടുന്നത്. വഴിയോരത്തോ, പൊതുസ്ഥലങ്ങളിലോ ലഹരിസാധനങ്ങൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഇട്ടശേഷം ഇടപാടുകാരന് ലാൻഡ്മാർക്ക് അയച്ചുകൊടുക്കും. ആവശ്യക്കാരൻ സാധനമെടുക്കാൻ എത്തുമ്പോഴേക്കും ഇട്ടയാൾ കിലോമീറ്ററുകൾ കടന്നിരിക്കും.


സ്‌ട്രോയിൽ ഒറ്റയേറ്


പാനീയങ്ങൾ കുടിക്കാനുള്ള പ്ലാസ്റ്റിക്ക് സ്‌ട്രോയിൽ എം.ഡി.എം.എ നിറച്ച് ഇരുവശവും ചൂടാക്കി ഒട്ടിക്കും. ഈ സ്‌ട്രോ വഴിയരികിൽ അലക്ഷ്യമായി ഇട്ടശേഷം ഇടപാടുകാരന് സമൂഹമാദ്ധ്യമം വഴി സ്ഥലത്തിന്റെ ഫോട്ടോയും വീഡിയോയും അയയ്ക്കും.


അലുമിനിയം ഫോയിൽ പേപ്പറും സിഗരറ്റ് കൂടുകളും


എം.ഡി.എം.എ അലിഞ്ഞുപോകുന്നതിനാൽ ചെറിയ സിപ്‌ലോക്ക് കവറിലാക്കി അലുമിനിയം പേപ്പറിൽ ചുരുട്ടിക്കൂട്ടി ഇട്ടുകൊടുക്കുന്നതാണ് മറ്റൊരു രീതി. ആഹാരം കഴിച്ച ശേഷം വലിച്ചെറിഞ്ഞ ഭക്ഷണ അവശിഷ്ടത്തിനൊപ്പവും ഇങ്ങനെ ഇടാറുണ്ട്. ആർക്കും സംശയം തോന്നാത്ത രീതിയിൽ എടുത്തുകൊണ്ട് പോകാനാണിത്.

സിപ്‌ലോക്കിലാക്കിയ ലഹരി സിഗരറ്റ് കൂടുകളിലെ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് വഴിയോരത്ത് ഇടുന്നതാണ് മറ്റൊരു രീതി.


പോയിന്റ് ടു പോയിന്റ്


ഒന്നിലധികം പേരെ ഉപയോഗിച്ച് ഏതെങ്കിലുമൊരു സുരക്ഷിത സ്ഥാനത്ത് ലഹരി ഡ്രോപ്പ് ചെയ്യുന്നതാണ് 'പോയിന്റ് ടു പോയിന്റ്'. ലഹരി ഒരു പോയിന്റിലെത്തിക്കുമ്പോൾ അവിടെനിന്ന് മറ്റൊരാൾ ഏറ്റെടുത്ത് അടുത്തയാൾക്ക് കൈമാറും. അയാളായിരിക്കും ഡ്രോപ്പ് ചെയ്യുക. രണ്ട് മുതൽ മൂന്നുപേർവരെ ഇതിൽ പങ്കാളികളാകും. പരസ്പരം ബന്ധമുണ്ടാകില്ല.

കൊച്ചിയിലെ മാളുകളുടെ പാർക്കിംഗിലെ തൂണുകളുടെ സമീപം ഇട്ടശേഷം തൂണുകളുടെ അടയാള നമ്പർ അയച്ചുകൊടുക്കുന്നതും മറ്റൊരു രീതിയാണ്. മെട്രോ പില്ലറുകളാണ് മറ്റൊരു പ്രധാനപോയിന്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DRUGS SALE, FOOD, KOCHI CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA