SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ഡോ. റാം മൃഗമാണെന്ന് നിതിന്റെ സഹപാഠികൾ: മാതാപിതാക്കൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി

nithin

തിരുവനന്തപുരം : അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നിതിൻ രാജ് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹപാഠികൾ. ആര്യനാടുള്ള നിതിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷമാണ് പൊട്ടിക്കരഞ്ഞുകൊണ്ട് വേദനകൾ പങ്കുവച്ചത്. ഓറൽ പത്തോളജി വിഭാഗം മേധാവി ഡോ.കെ.റാം അദ്ധ്യാപകനല്ലെന്നും മൃഗമാണെന്നും നിതിൻ രാജിന്റെ സഹപാഠി ആർച്ച തുറന്നടിച്ചു.
ക്ലാസിൽ ബോഡി ഷേമിംഗ് നടത്താറുണ്ട്. നിതിനെ ടാർജറ്റ് ചെയ്ത് അപമാനിക്കുകയായിരുന്നു. പേടികൊണ്ടാണ് പലരും പരാതി നൽകാത്തത്.ഇതിപ്പോ തുറന്നുപറഞ്ഞു കഴിയുമ്പോൾ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ പറയാതിരിക്കാനാകില്ല. ഉറങ്ങാൻ കഴിയുന്നില്ല. മാനസിക സമ്മർദ്ദം കാരണമാണ് നിതിന്റെ വീട്ടിലേക്ക് വരാൻ വൈകിയത്. ഭക്ഷണംപോലും കഴിച്ചിട്ടില്ല. അന്ന് നിതിൻ ക്ലാസിൽ വന്നിരുന്നില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് നിതിൻ കെട്ടിടത്തിന് മുകളിൽ നിന്ന് വീണതായി അറിഞ്ഞത്. എല്ലാവരും ഇറങ്ങി ഓടി. പുറത്ത് എന്താണ് നടന്നതെന്ന് അറിയില്ലെന്നും ആർച്ച പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. ഡോ.കെ.റാമിനെതിരെ നേരത്തെ പരാതി നൽകിയിരുന്നതായും അത് എത്തേണ്ടിടത്ത് എത്തിയോ എന്ന് അറിയില്ലെന്നും അവസാന വർഷ വിദ്യാർത്ഥിനി കീർത്തിയും പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് സഹപാഠികൾ വീട്ടിലെത്തിയത്. നിതിന്റെ മാതാപിതാക്കൾ ഇവരെ ചേർത്തുപിടിച്ച് പൊട്ടികരഞ്ഞു. വിദ്യാർത്ഥിനികളും വിങ്ങിപ്പൊട്ടി.

 സഹപാഠികളുടെയും അദ്ധ്യാപകരുടെയും മൊഴി എടുത്തു

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിന്റെ നേതൃത്വത്തിൽ കോളേജിൽ എത്തി സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി എടുത്തു. യുവജന കമ്മീഷൻ അംഗം രൺദീപ് പി.പി, സംസ്ഥാന കോഡിനേറ്റർ അഡ്വ. രാഹുൽ രാജ്, ജില്ലാ കോഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. വിഷയത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NITHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA