SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.41 AM IST

ഇന്ദിര ലങ്കേഷ് അന്തരിച്ചു

s
s

ബംഗളൂരു: പ്രമുഖ എഴുത്തുകാരിയും സംരംഭകയുമായ ഇന്ദിര ലങ്കേഷ് (83) അന്തരിച്ചു. ഇന്നലെ രാവിലെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. അന്തരിച്ച കന്നട എഴുത്തുകാരനും പത്രപ്രവർത്തകനും ലങ്കേഷ് പത്രിക സ്ഥാപകനുമായ പി. ലങ്കേഷാണ് ഭർത്താവ്. 2017 സെപ്‌തംബറിൽ മൂത്ത മകളും എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ ഒരു സംഘം വെടിവച്ച് കൊലപ്പെടുത്തിയത് രാജ്യത്തെ തന്നെ നടുക്കിയിരുന്നു. മറ്റൊരു മകളും ചലച്ചിത്ര പ്രവർത്തകയുമായ കവിത ലങ്കേഷിനും മകൻ ഇന്ദ്രജിത്ത് ലങ്കേഷിനൊപ്പം ഉത്തരഹള്ളിയിലെ വസതിലാണ് ഇന്ദിര താമസിച്ചിരുന്നത്.

1943 ജൂൺ രണ്ടിന് ശിവമോഗയിൽ ജനനം. 1960ലാണ് ലങ്കേഷിനെ വിവാഹം കഴിച്ച് ബംഗളൂരുവിലേക്ക് മാറിയത്. അദ്ധ്യാപന ജോലി രാജിവച്ച് ലങ്കേഷ് സിനിമാ,നാടക പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞപ്പോൾ, വീട്ടിൽ സാരികൾ വിറ്റ് ഇന്ദിര‌ സാമ്പത്തിക പിന്തുണ നൽകി. 1979ൽ ഗാന്ധി ബസാറിൽ സാരി ഷോപ്പായ മയൂർ സിൽക്‌സ് ആൻഡ് ടെക്സ്റ്റൈൽസ് ആരംഭിച്ചു. 'ലങ്കേഷ് പത്രിക'യുടെ ഭരണച്ചുമതലകളും പ്രസിദ്ധീകരണ കാര്യങ്ങളും തിരശ്ശീലയ്ക്കു പിന്നിൽ നിന്ന് നിയന്ത്രിച്ചത് ഇന്ദിരയാണ്.

പ്രതിസന്ധികളെ

ധീരമായി നേരിട്ടു

പ്രതിസന്ധികളെ ധീരമായി നേരിട്ട ഇന്ദിര ലങ്കേഷ്, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് എത്രത്തോളം പ്രധാന്യമുണ്ടെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. സാഹിത്യലോകത്തും സജീവ സാന്നിദ്ധ്യമായിരുന്നു. പി. ലങ്കേഷുമൊത്തുള്ള ജീവിതത്തിലെ ഉയർച്ച,താഴ്ചകളെയും അനുഭവങ്ങളെയും ആസ്പദമാക്കി രചിച്ച 'ഹുളിമാവു മട്ടു നാനു' (Hulimavu Mattu Naanu) എന്ന കൃതി, കന്നട സാഹിത്യത്തിലെ സ്ത്രീപക്ഷ ആത്മകഥകളിൽ നാഴികക്കല്ലായി. സ്വന്തമായി സ്ഥലം വാങ്ങി വീട് പണി പൂർത്തിയാകുന്നതുവരെ ഭർത്താവായ ലങ്കേഷ് പോലും ഇത് അറിഞ്ഞിരുന്നില്ലെന്ന് ഈ പുസ്തകത്തിൽ പറയുന്നുണ്ട്. മൂത്ത മകൾ ഗൗരി ലങ്കേഷിന്റെ കൊലപാതകം കടുത്ത ആഘാതമായി. പിന്നീട് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ മുന്നിൽ നിന്നു. ഗൗരിയുടെ അനുസ്മരണ പരിപാടികളിൽ പതിവായി സംസാരിക്കുകയും വർഗീയതയ്‌ക്കെതിരായ പൊതു പ്രചാരണങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ക്യാൻസർ പിടിപെട്ടപ്പോഴും അസാധാരണമായ ഇച്ഛാശക്തിയോടെ അതിജീവിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA