SignIn
Kerala Kaumudi Online
Saturday, 22 August 2026 5.02 PM IST

ഇലയിൽ നിറഞ്ഞത് നൂറ്റൊന്ന് വിഭവങ്ങൾ, സദ്യ ഉദ്ഘാടനം ചെയ്തത് 'സ്‌കൂൾ അമ്മ'

onam
101 വിഭവങ്ങൾ അടങ്ങിയ സദ്യ കഴിക്കുന്ന കുട്ടികൾ

കട്ടപ്പന : കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്‌കൂളിലെ ഇത്തവണത്തെ ഓണാഘോഷം അവസാന നിമിഷം വരെ നിറഞ്ഞുനിന്നത് അപ്രതീക്ഷിത വഴിത്തിരിവുകളാലായിരുന്നു. ആദ്യം നൂറ്റൊന്ന് വിഭവങ്ങളുടെ മെഗാ ഓണസദ്യ ഏറ്റെടുത്ത കട്ടപ്പനയിലെ സംഘടന പിന്മാറി; പിന്നെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എം.പിക്ക് എത്താനായില്ല. എന്നാൽ ഓരോ പ്രതിസന്ധിയെയും അതിജീവിച്ച് ഒടുവിൽ കുട്ടികളുടെ മനസ്സിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഓണാഘോഷമാണ് സ്‌കൂൾ കുടുംബം ഒരുക്കിയത്.

നൂറ്റൊന്ന് വിഭവങ്ങളുള്ള സദ്യയെക്കുറിച്ചുള്ള വാർത്തയും സ്‌കൂളിലെ ഒരുക്കങ്ങളും പുരോഗമിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സംഘടന പരിപാടിയിൽനിന്ന് പിന്മാറുന്നത്. വലിയൊരു സദ്യ എങ്ങനെ നടത്തുമെന്ന ആശങ്ക സ്‌കൂൾ കുടുംബത്തിന് മുന്നിൽ ഉയർന്നു.കുട്ടികൾക്കായി ഏറ്റെടുത്ത ഒരു പരിപാടി പാതിവഴിയിൽ ഉപേക്ഷിക്കില്ല' എന്ന ഉറച്ച തീരുമാനത്തോടെ പ്രധാനാധ്യാപിക ലിൻസി ജോർജിന്റെ നേതൃത്വത്തിൽ സ്‌കൂൾ അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു.തുടർന്ന് നൂറ്റൊന്ന് വിഭവങ്ങളുള്ള മെഗാ ഓണസദ്യയുടെ ഉത്തരവാദിത്തം സ്‌കൂൾ കുടുംബം തന്നെ ഏറ്റെടുത്തു.


അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് വിഭവങ്ങളുടെ പട്ടിക തയ്യാറാക്കി. നാടൻ വിഭവങ്ങളും പരമ്പരാഗത ഓണസദ്യ വിഭവങ്ങളും വിവിധതരം പായസങ്ങളും ഉൾപ്പെടുത്തി ഒടുവിൽ നൂറ്റൊന്ന് വിഭവങ്ങളുമായി മെഗാ സദ്യ യാഥാർഥ്യമായി.

ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് എത്തുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇടുക്കിയിൽ മന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാൽ എം.പിക്ക് സ്‌കൂളിലെത്താൻ സാധിച്ചില്ല. ഉദ്ഘാടന സമയത്തോട് അടുക്കുമ്പോഴാണ് ഈ വിവരം ലഭിച്ചത്.ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കപ്പെട്ടത് കുട്ടികൾക്ക് ദിവസവുംരാവിലെയും ഉച്ചയ്ക്കും സ്‌നേഹത്തോടെ ഭക്ഷണം പാകം ചെയ്യുന്ന 'സ്‌കൂൾ അമ്മ' അമ്മിണി ജോസഫ് ആയിരുന്നു കുട്ടികളുടെ കരഘോഷങ്ങൾക്കിടയിൽ 'സ്‌കൂൾ അമ്മ' ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

പൂക്കളവും ഓണപ്പാട്ടും കലാപരിപാടികളും ഓണക്കളികളും നിറഞ്ഞ ആഘോഷത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.പി റ്റി എ ഭാരവാഹികളായ ജിൽബിൻ ജോർജ്, രമ്യ, അനിത ശ്രീനാഥ്,അധ്യാപകരായ വിഷ്ണു ഗോപാലകൃഷ്ണൻ, ജിയോ സെബാസ്റ്റ്യൻ, ലിബിയ ജയിംസ് ,അമലു മാത്യു , അനുഷ ഷാജി ,അമ്മിണി ജോസഫ്,ഷേർലി പി എ, മെറിന ജോസഫ് എന്നിവർ നേതൃത്വം നൽകി.

English Summary

Kanchiyar Govt. Tribal L.P. School successfully hosted a memorable Onam celebration despite unexpected challenges. An organization withdrew sponsorship for a planned 101-dish feast, which school staff and parents then organized themselves. When the Idukki MP couldn't attend the inauguration, the school cook "School Amma" inaugurated the event, making it a success for students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM SADYA 101 DISHES, 101 വിഭവങ്ങൾ സദ്യ, SCHOOL AMMA ONAM SADYA, KERALA ONAM FEAST, ONAM SADYA KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA