SignIn
Kerala Kaumudi Online
Monday, 21 September 2026 1.08 AM IST

ആരോഗ്യരംഗത്ത് കൈയ്യൊപ്പിട്ട ഡോ. 'വിജയ'രാഘവൻ

READ ENGLISH VERSION
vijayarakhavan

തിരുവനന്തപുരം : ആരോഗ്യ മേഖലയിലെ സമർപ്പിത ജീവിതമായിരുന്നു വിട വാങ്ങിയ ‌ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജി.വിജയരാഘവന്റേത്. ആത്മാർത്ഥതയും പ്രൊഫഷനോടുള്ള പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പാതകൾ വേറിട്ടതാക്കി. തൊട്ടതെല്ലാം പൊന്നാക്കി ആരോഗ്യരംഗത്ത് അക്ഷരാർത്ഥത്തിൽ അദ്ദേഹം 'വിജയ'രാഘവനായി.

1979ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രാജ്യത്തെ ആദ്യ 2ഡി എക്കോ കാർഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ച വലിയ നേട്ടത്തിന് ഉടമയാണ് ഡോ.ജി വിജയരാഘവൻ. ഇതോടെ അദ്ദേഹം രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായി. കേരളത്തിലെ സർക്കാർ മേഖലയിൽ ന്യൂതനമായ ഹൃദയചികിത്സാ സംവിധാനങ്ങൾക്ക് അടിത്തറപാകി. 1985ൽ കുവൈറ്റിൽ ആദ്യ ഡോപ്ളർ ലബോറട്ടറി സ്ഥാപിച്ചതും അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലണ്ടനിലെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ സ്‌കൂളുമായും ബ്രോംപ്ടൺ ഹോസ്‌പിറ്റലുമായും സഹകരിച്ച് എൻഡോമൈക്കാർഡിയൽ ഫൈബ്രോസിസെന്ന ഹൃദയപേശി രോഗ ചികിത്സയ്ക്ക് വഴി തെളിച്ചു. അന്താരാഷ്ട്ര പ്രശസ്ത ജേണലുകളിൽ ഈ മേഖലയിലെ അദ്ദേഹത്തിന്റെ ഗവേഷണ പ്രസിദ്ധീകരണങ്ങൾ വഴിത്തിരിവായി.1970കളിൽ ഒതളങ്ങയുടെ വിഷത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ പഠനഫലങ്ങൾ നിരവധി ആത്മഹത്യക്കേസുകളിലെ ഇരകളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.1983ൽ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ജോലിക്കുള്ള ക്ഷണമെത്തി. ഡോപ്ലർ എക്കോകാർഡിയോഗ്രാഫിയിലെ ഗവേഷകരിൽ ഒരാളായി. തിരുവനന്തപുരം മോഡൽ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ, രാജ്യത്തെ ഭാരത് സ്‌കൗട്ടുകളിൽ ഒരാളായ വിജയരാഘവൻ ഡൽഹിയിലെത്തി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ നേരിൽ കണ്ട് അഭിനന്ദനം ഏറ്റുവാങ്ങി. വിദ്യാർത്ഥി കാലം മുതൽ തൊട്ടതെല്ലാം പൊന്നാക്കിയ ജീവിത യാത്ര.

നേട്ടങ്ങളുടെ

കൊടുമുടിയിൽ!

പദ്മശ്രീ നൽകി രാജ്യം ആദരിച്ച വിജയരാഘവനെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് തേടിയെത്തിയ ബഹുമതികൾ നിരവധിയാണ്. യു.കെയിലെ എഡിൻബർഗ് റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ്, റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ഓഫ് ലണ്ടൻ, അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി എന്നിവിടങ്ങളിൽ നിന്ന് ഓണററി ഫെല്ലൊഷിപ്പ്, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പ്രീമിയർ ഗോൾഡൻ ഹാർട്ട് ഫെലോഷിപ്പ്. ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, ഇന്ത്യൻ അക്കാഡമി ഓഫ് എക്കോകാർഡിയോഗ്രാഫി, ഇന്റർനാഷണൽ മെഡിക്കൽ സയൻസസ് അക്കാഡമി , കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ള ഫെലോഷിപ്പുകൾ. ഇന്ത്യൻ അക്കാഡമി ഒഫ് എക്കോകാർഡിയോഗ്രാഫി, ഇന്ത്യൻ കോളേജ് ഒഫ് കാർഡിയോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡുകൾ എന്നിങ്ങനെ നീളുകയാണ് നേട്ടങ്ങൾ.

വഴിതെളിച്ച

ഗുരുനാഥൻ

രാജ്യത്തിനകത്തും പുറത്തും നിറഞ്ഞുനിന്ന മെഡിക്കൽ അദ്ധ്യാപകനായ വിജയരാഘവന് ലോകമെമ്പാടും ശിക്ഷ്യരുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസിൽ നിന്ന് വിശിഷ്ട കാർഡിയോളജി പ്രൊഫസർ പദവി ലഭിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും കേരള സർവകലാശാല, മദ്രാസ് സർവകലാശാല, മണിപ്പാൽ സർവകലാശാല എന്നിവിടങ്ങളിലും ബിരുദാനന്തര മെഡിക്കൽ എക്‌സാമിനർ. ഡോ.എം.ദുരൈരാജ്, ഡോ.കെ.എ.എബ്രഹാം, പ്രൊഫ.ചന്ദ്രശേഖർ റാവു, ഡോ.സി.ജി. ബാഹുലേയൻ, ഡോ.ടൈനി നായർ, ഡോ.ജോർജ്ജ് കോശി തുടങ്ങിയ പ്രശസ്ത കാർഡിയോളജിസ്റ്റുകൾ വിജയരാഘവന് കീഴിൽ പരിശീലനം നേടി. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യൻ അക്കാഡമി ഒഫ് എക്കോകാർഡിയോഗ്രാഫി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAYARAKHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA