SignIn
Kerala Kaumudi Online
Monday, 21 September 2026 2.11 AM IST

ആർ.ടി ഓഫീസുകളിൽ ഓൺലൈൻ സേവനം കൂട്ടി

1

 ആധാർ അധിഷ്ഠിതം ഇടനിലക്കാർ ഔട്ട്

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ 60 സേവനങ്ങൾ ഇന്നു മുതൽ ആധാർ അധിഷ്ഠിതമാകും. ഈ സേവനങ്ങളെല്ലാം ഇനി ഓൺലൈനിൽ ലഭ്യമാവും. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കും. ഡ്രൈവിംഗ് ലൈസൻസ്, ആർ.സി എന്നിവ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകർക്കേ ഈ സൗകര്യം ലഭ്യമാകൂ. ആധാർ ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് അതിനുള്ള സൗകര്യമുണ്ടാകും. ശേഷം അപേക്ഷ നൽകാം. ഹിയറിംഗ് ഉൾപ്പെടെ ഓഫീസുകളിൽ ഹാജരാകേണ്ട അപേക്ഷകളിൽ സമയം നിശ്ചയിക്കാൻ പ്രത്യേക പോർട്ടൽ വരും. ഇതിലൂടെ അപേക്ഷകർക്ക് സൗകര്യപ്രദമായ സമയം തിരഞ്ഞെടുക്കാം.

അപേക്ഷ സമർപ്പിക്കുമ്പോൾ ഉടമയുടെ ആധാർ ബന്ധിപ്പിച്ച മൊബൈൽഫോണിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് നൽകിയാലാണ് മുന്നോട്ടു പോകാനാവുക. വാഹനം വിൽക്കുമ്പോൾ വാങ്ങുന്നയാളും വിൽക്കുന്നയാളും ഇത്തരത്തിൽ ആധാർ ഒ.ടി.പി വച്ച് അപേക്ഷ പൂർത്തീകരിക്കണം. ഇതേ രീതിയിൽ ഓരോ സേവനത്തിനും ആധാർ ഒ.ടി.പി നിർബന്ധമാകും. അപേക്ഷയിലെ നടപടികൾക്കായി ഓഫീസിലേക്ക് നേരിട്ടെത്തേണ്ട. സോഫ്റ്റ്‌വെയറിൽ തീരുമാനമെടുക്കാൻ കഴിയുന്ന അപേക്ഷകൾ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ തീർപ്പാക്കും. ഉദ്യോഗസ്ഥരുടെ ജോലി ഭാരവും കുറയും. പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം സമർപ്പിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാകും തീർപ്പാക്കുക. നിലവിൽ ഏജന്റുമാർ ഇടപെട്ട് മുൻഗണനാ ക്രമം അട്ടിമറിച്ച് കാര്യങ്ങൾ നേടിയിരുന്നു.

പേരിലെ പൊരുത്തക്കേട് മാറ്റണം

ആധാറിലെ പേരും ആർ.സി ബുക്കിലെ പേരും ഒരുപോലെ അല്ലെങ്കിൽ സേവനം കിട്ടില്ലെന്നതാണ് വെല്ലുവിളി. പേരിനും ഇനീഷ്യലിനും ഇടയിലെ കുത്തിൽ പോലും വ്യത്യാസമുണ്ടെങ്കിൽ ഓൺലൈൻ നടപടി തുടരാനാകില്ല. ആർ.സിയിലെ പേര് ആധാറിലേത് പോലെ തിരുത്തുകയേ നിവൃത്തിയുള്ളൂ. ഇതിനായി ആർ.ടി ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണം. ഓഫീസുകളിലെ തിരക്കിനനുസരിച്ച് തിരുത്തിക്കിട്ടാൻ ഒരാഴ്ച വരെ സമയമെടുത്തേക്കും. ആർ.സിയിലെ പേര് സാധാരണ ഇംഗ്ലീഷിലാണ്. എന്നാൽ ആധാറിൽ ഇംഗ്ലീഷിലും മലയാളത്തിലും പേര് രേഖപ്പെടുത്തിയിരിക്കും.

 വെല്ലുവിളി 'വാഹൻ" തടസം

ഇ-സേവനങ്ങൾക്കുള്ള വാഹൻ സോഫ്ട്‌വെയർ ഇടയ്ക്കിടെ തടസപ്പെടുന്നതാണ് പ്രധാന വെല്ലുവിളി. ഇന്നലെയും ഓൺലൈൻ സേവനം തടസപ്പെട്ടിരുന്നു. സംസ്ഥാനത്തേയ്ക്ക് പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള സ്‌പെഷ്യൽ പെർമിറ്റ് വിതരണം ഉൾപ്പെടെയാണ് തടസപ്പെട്ടത്. ഇതോടെ ചെക്‌പോസ്റ്റുകളിലടക്കം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. സോഫ്ട്‌വെയർ പ്രശ്നം ഇന്ന് രാവിലെയോടെ പൂർണമായും പരിഹരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA