
മലപ്പുറം:ലഹരിമാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടമായ തൂഫാൻ ജനജാഗ്രതസമിതിയുടെ (തൂഫാൻ തദ്ദേശം)സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർകോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണമായ ലഹരിക്കെതിരെ സ്ത്രീകൾ അണിനിരന്നതാണ് ഒന്നാംഘട്ടത്തിന്റെ വിജയം. ഗ്രാമ-നഗരഭേദമില്ലാതെ കുഞ്ഞുങ്ങളെ ലഹരിമാഫിയ വലയിലാക്കുകയാണ്. തൂഫാൻ ആരംഭിച്ചശേഷം ലഹരി ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാക്കാനായെന്ന് മന്ത്രി പറഞ്ഞു. വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷനായി. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ.എസ്.അയ്യർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദ്ദേശമന്ത്രി കെ.എം.ഷാജി, എ.ഡി.ജി.പിമാരായ ദിനേശ് കശ്യപ്, പി.വിജയൻ, ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ പുട്ട വിമലാദിത്യ എന്നിവർ പങ്കെടുത്തു.
രണ്ടാംഘട്ടത്തിൽ ജനകീയ ഇടപെടൽ
ലഹരി വ്യാപനവും ഉപയോഗവും തടയുന്നതിനായി തദ്ദേശസ്ഥാപനതലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണ് രണ്ടാംഘട്ടം. ലഹരിയുടെ ആവശ്യകത കുറയ്ക്കുകയും പ്രാരംഭഘട്ടത്തിൽ ഇടപെടുകയും അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കുകയുമാണ് ലക്ഷ്യങ്ങൾ. തൂഫാൻ സ്‌ട്രൈക്ക്, തൂഫാൻ കെയർ, തൂഫാൻ ആപ്പ്, തൂഫാൻ ഐസ്, തൂഫാൻ പ്ലേ, തൂഫാൻ ഡ്രഗ് ഫ്രീ ക്യാമ്പസ് അക്രെഡിറ്റേഷൻ എന്നീ ഘട്ടങ്ങളായാണ് രണ്ടാംഘട്ടം പൂർത്തിയാക്കുക. എല്ലാ വാർഡുകളിലും 'തൂഫാൻഗ്രാമസഭകൾ' വിളിച്ചുചേർക്കും. തണ്ടർ വളണ്ടിയർമാരെയും തൂഫാൻവാരിയേഴ്സിനെയും കണ്ടെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |