
1,08,43,600 രൂപ. ഈ മാസം 9നും 15നുമിടയിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ അനധികൃത പാർക്കിംഗ് പിഴയായി പൊലീസ് ഈടാക്കിയ തുകയാണിത്. റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനാണ് ഇതിൽ ഭൂരിഭാഗവും. നമ്മുടെ സംസ്ഥാനത്ത് ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങൾ ഉണ്ടോ? പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ സ്ഥിതി എന്ത്? ഒരു അന്വേഷണം.
നട്ടംതിരിഞ്ഞ് തലസ്ഥാനവാസികൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വാഹനം പാർക്ക് ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന സ്റ്റാച്യൂ, മെഡിക്കൽ കോളേജ്, കിഴക്കേകോട്ട തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ പാർക്കിംഗ് സൗകര്യം വിരളമാണ്.
ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് സെക്രട്ടേറിയറ്റിലേക്ക് എത്തുന്നത്. ഇവർക്ക് പുറമെ 5000ത്തോളം വരുന്ന സെക്രട്ടേറിയറ്റ് ജീവനക്കാരുമുണ്ട്. ജീവനക്കാരുടെ വാഹനങ്ങളും വിവിധ വകുപ്പുകളുടെ വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യംപോലും സെക്രട്ടേറിയറ്റിൽ ഇല്ല. ജനം റോഡരികയിൽ പാർക്ക് ചെയ്തശേഷം ഓഫീസിൽ എത്തേണ്ട സാഹചര്യമാണ്.
ദിവസേന ആയിരങ്ങളെത്തുന്ന മെഡിക്കൽ കോളേജ് പരിസരത്തും സമാന അവസ്ഥയാണ്. ആശുപത്രിയിലെ മൾട്ടിലെവൽ പാർക്കിംഗിൽ ആകെ പാർക്ക് ചെയ്യാൻ കഴിയുന്നത് 203 വാഹനങ്ങൾ! രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും ഉൾപ്പെടെ ഇവിടെയെത്തുന്നതാകട്ടെ ആയിരക്കണക്കിന് വാഹനങ്ങളും. ഇതെല്ലാം റോഡരികിലാണ് പാർക്ക് ചെയ്യുന്നത്.
പുത്തരിക്കണ്ടത്ത് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം തുടങ്ങിയെങ്കിലും കിഴക്കേകോട്ടയിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായിട്ടില്ല. വെള്ളയമ്പലം, വഴുതക്കാട് എന്നീ പ്രദേശങ്ങളിൽ സൗകര്യം ഒരുക്കിയിട്ടേയില്ല. പി.എം.ജി, പട്ടം, കേശവദാസപുരം എന്നിവിടങ്ങളിലും സമാന സാഹചര്യമാണ്. നഗരത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രത്തിനടുത്തുള്ള അട്ടകുളങ്ങരയിൽ പാർക്കിംഗിന് റോഡ് മാത്രമാണുള്ളത്.
കൊച്ചിയിൽ ആകെ ദുരിതം
കൊച്ചി: കൊച്ചി നഗരത്തിലേക്ക് വാഹനമെടുത്ത് ഇറങ്ങുന്നവർ പത്തുവട്ടമെങ്കിലും ആലോചിക്കും. ഒരിക്കൽ ദുരിതമറിഞ്ഞവരാണെങ്കിൽ നഗരത്തിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് മെട്രോയെ ആശ്രയിക്കും. അത്രത്തോളമുണ്ട് കൊച്ചിയിലെ പാർക്കിംഗ് ദുരിതം.
പ്രധാന വാണിജ്യ കേന്ദ്രമായ മറൈൻഡ്രൈവിലും പി.ടി ഉഷ റോഡിരികിലും മാത്രമാണ് പേ ആൻഡ് പാർക്കിംഗ് സംവിധാനം ഒരുപരിധിവരെയെങ്കിലും ലഭിക്കുന്നത്. എം.ജി റോഡ്, ബ്രോഡ്‌വേ, ഹൈക്കോടതി പരിസരം, മാർക്കറ്റ് റോഡ്, പ്രസ് ക്ലബ് റോഡ്, ജനറൽ ആശുപത്രി, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില തുടങ്ങിയ തിരക്കേറിയ ഇടങ്ങളിലെല്ലാം പാർക്കിംഗ് അസാദ്ധ്യമാണ്. ആവശ്യത്തിന് പേ ആൻഡ് പാർക്കിംഗ് കേന്ദ്രങ്ങളോ മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയങ്ങളോ ഇല്ലാത്തതാണ് പ്രതിസന്ധി. പാർക്കിംഗ് ആപ്പുകളുമായി ഏതാനും സ്റ്റാർട്ട് അപ്പുകൾ രംഗത്തുവന്നത് ഗുണകരമാണ്. ഒരു വർഷത്തിനിടെ സ്വകാര്യ പാർക്കിംഗ് നിരക്കുകളിൽ ഇരട്ടിയോളം വർദ്ധനവുണ്ടായി.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പ്രധാന ജംഗ്ഷനുകളിൽ മൾട്ടിലെവൽ ഓട്ടോമേറ്റഡ് പാർക്കിംഗ് പ്ലാസകൾ നിർമ്മിക്കുക, ഉപയോഗശൂന്യമായി കിടക്കുന്ന കോർപ്പറേഷൻ അല്ലെങ്കിൽ സർക്കാർ ഭൂമികൾ പേ ആൻഡ് പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുക തുടങ്ങിയവയാണ് ജനം ആവശ്യപ്പെടുന്നത്. സ്വകാര്യ വ്യക്തികളുടെ ഒഴിവുള്ള പറമ്പുകൾ കേന്ദ്രീകരിച്ച് പാർക്കിംഗ് ഏരിയകൾ പ്രോത്സാഹിപ്പിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ പലകുറി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കോഴിക്കോട്ട് 'നഗര പ്രദക്ഷിണം'
കോഴിക്കോട്: അവധി ദിനമാണ്, ഇത്തിരി കാറ്റുകൊള്ളാമെന്ന് കരുതി വണ്ടിയുമെടുത്ത് ബീച്ചിലേക്കിറങ്ങിയാൽ 'നഗരപ്രദക്ഷിണം" ചെയ്ത് മടങ്ങേണ്ടിവരും. അതാണ് കോഴിക്കോട്ടെ അവസ്ഥ. പാർക്കിംഗിനു ഇടം തേടി നഗരം ചുറ്റുകയാണ് ജനം. വിരലിലെണ്ണാവുന്ന സ്വകാര്യ പാർക്കിംഗ് ഇടങ്ങളടക്കം ഉണ്ടെങ്കിലും എല്ലായിടത്തും 'പാർക്കിംഗ് ഫുൾ" ബോർഡ് കാണാം.
ഒരുവളയം കറങ്ങി സഹികെടുമ്പോൾ റോഡരികിലും ഫുട്പാത്തിലും നോ പാർക്കിംഗ് ബോർഡിനടുത്തു പോലും വാഹനം പാർക്ക് ചെയ്യും. തൊട്ടുപിന്നാലെ ക്യാമറാക്കണ്ണുകളുമായി പൊലീസുമെത്തും. നഗരഹൃദയത്തിലെ മുതലക്കുളം മെെതാനത്ത് സമ്മേളനങ്ങളോ മറ്റ് പരിപാടികളോ കൂടെയുണ്ടെങ്കിൽ പിന്നെ പറയേണ്ട.
നഗരത്തിൽ പാർക്കിംഗ് സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടവും ട്രാഫിക് പൊലീസും കോർപ്പറേഷനും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 'പാർക്കിംഗ് ഫ്രണ്ട്ലി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും വാക്കിലൊതുങ്ങി. മിഠായിത്തെരുവിനു സമീപം ബഹുനില പാർക്കിംഗ് പ്ളാസകൾ നിർമ്മിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഇവിടത്തെ കെട്ടിടം പൊളിച്ചെങ്കിലും സർക്കാർ അനുമതി നൽകിയില്ല.
വൈക്കം മുഹമ്മദ് ബഷീർ റോഡ്, ടൗൺഹാൾ റോഡ്, മുതലക്കുളം, അരയിടത്തു പാലം, വെസ്റ്റ് ഹിൽ തുടങ്ങിയ ഇടങ്ങളിലും ജനം വലയുകയാണ്.
തയ്യാറാക്കിയത്:
വി.എ.ഗിരീഷ്
വിഷ്ണു ദാമോദർ
കെ.എൻ.സുരേഷ്കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |