SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.44 AM IST

ദളിത് ഗവേഷകന് പി എച്ച്. ഡി നിഷേധിക്കരുത്: വിദ്യാഭ്യാസ മന്ത്രിക്ക് പരാതിയുമായി ഗവേഷകർ

a

ജാതിവിവേചനം അന്വേഷിക്കണമെന്നും ആവശ്യം

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ സംസ്കൃത പഠന വകുപ്പിൽ ഗവേഷണം പൂർത്തിയാക്കിയ ദളിത് ഗവേഷകൻ വിപിൻ വിജയന് പി എച്ച്. ഡി ബിരുദം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. സംസ്കൃത പഠനവകുപ്പിലെ വിദ്യാർത്ഥികളും ഗവേഷകരുമാണ് നിവേദനം നൽകിയത്. എല്ലാ അക്കാഡമിക് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അവസാനഘട്ടമായ ഓപ്പൺ ഡിഫൻസിൽ എതിർപ്പുണ്ടായത്. ഗവേഷകന് സംസ്കൃത ഭാഷയിൽ പരിജ്ഞാനമില്ലെന്ന വാദം സംശയാസ്പദവും ദുരൂഹവുമാണ്. ഗവേഷണത്തിന്റെ മുൻഘട്ടങ്ങളിൽ അക്കാഡമിക് നിലവാരവും ഭാഷാപരിജ്ഞാനവും പരിശോധിക്കാൻ നിരവധി അവസരങ്ങളുണ്ടായിരുന്നിട്ടും തിരുത്തലുകൾ നിർദ്ദേശിക്കാതിരുന്നതും സംശയാസ്പദമാണ്. പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ദീർഘകാല അക്കാഡമിക് പരിശ്രമത്തിലൂടെ അർജ്ജിച്ച നേട്ടത്തെ പക്ഷപാതപരമായ സമീപനങ്ങളിലൂടെ ഇല്ലാതാക്കാൻ അനുവദിക്കരുതെന്നും നിവേദനത്തിൽ പറയുന്നു. പിഎച്ച്.ഡി ബിരുദം നിഷേധിക്കപ്പെട്ടതോടെ വിപിൻ മാനസികായി തകർന്ന നിലയിലാണ്. ജീവിതം വഴിമുട്ടി. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പരിശോധിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ തീരുമാനം ഉണ്ടാകണം. ജാതിപരമായ മുൻവിധിയോ വിവേചനപരമായ സമീപനമോ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണം. തിരുത്തലുകൾ ആവശ്യമെങ്കിൽ അത് രേഖാമൂലം അറിയിച്ച് ന്യായമായ അവസരം നൽകണമെന്നും അനിശ്ചിതമായി ബിരുദം തടഞ്ഞുവയ്ക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA