
തിരുവനന്തപുരം: വിശക്കുന്നവന് ആഹാരം നൽകുന്നത് മനുഷ്യത്വമാണെന്നും അത് തിരിച്ചറിയാനുള്ള വിവേകമെങ്കിലും ഒരു ജനാധിപത്യ സർക്കാരിന് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായിവിജയൻ. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടവർ,നിലവിലെ പരിഹാരങ്ങൾ പോലും ഇല്ലാതാക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡി.വൈ.എഫ്.ഐ വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന പൊതിച്ചോർ വിതരണം നിരോധിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് യു.ഡി.എഫ് സർക്കാരിനും ആരോഗ്യമന്ത്രിക്കുമുളളത്?. ഒരുവിധ രാഷ്ട്രീയ പരിഗണനയും ഇല്ലാതെ ചികിത്സ തേടുന്നവർക്കും കൂട്ടിരിപ്പുകാർക്കും നൽകി വരുന്ന മാതൃകാപരമായ സന്നദ്ധ പ്രവർത്തനമാണ് ഇത്. അതിൽ സങ്കുചിത രാഷ്ട്രീയത്തിന്റെ വിഷം കലക്കാൻ മനുഷ്യത്വമില്ലാത്തവർക്കേ സാധിക്കുകയുള്ളൂ. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ഭിന്നതകൾക്കുമെല്ലാം അതീതമായി സർവ്വരെയും പങ്കെടുപ്പിച്ച് നടക്കുന്ന പൊതിച്ചോർ വിതരണം ബദൽ സംവിധാനങ്ങൾ നടപ്പാക്കുന്നതിനു മുൻപാണ് തിരക്കുപിടിച്ച് നിരോധിക്കുന്നത്. എന്തു നേട്ടമാണ് അതുകൊണ്ട് സർക്കാരിനുള്ളത്.
ആരോഗ്യമേഖല കെടുകാര്യസ്ഥതയിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുമ്പോൾ അവയ്ക്ക് പരിഹാരമുണ്ടാക്കാതെ മനുഷ്യർക്ക് ആഹാരം നിഷേധിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്! ഡോക്ടർമാരുടെ നിയമനം അനന്തമായി നീണ്ടു പോവുകയും ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്നു.
ഇവർക്ക് ആരോടാണ്, എന്തിനോടാണ് പ്രതിബദ്ധത? രാഷ്ട്രീയ വൈരമല്ല, ജനങ്ങളുടെ ക്ഷേമമാണ് ഒരു സർക്കാരിനെ നയിക്കണ്ടതെന്നും പിണറായി അഭിപ്രായപ്പെട്ടു.
ആരോഗ്യ മന്ത്രി ഈഗോ
ഒഴിവാക്കണം: റിയാസ്
കോഴിക്കോട്: പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആരോഗ്യ മന്ത്രി ഈഗോ ഒഴിവാക്കണമെന്ന് പി.എ മുഹമ്മദ് റിയാസ് എം.എൽ.എ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ വൈരാഗ്യ ബുദ്ധിയോടെയുള്ള സമീപനം ഒഴിവാക്കി എല്ലാവരെയും ചേർത്തുപിടിക്കണം. പൊതിച്ചോറ് വിതരണത്തെ എന്തിനാണ് ശത്രുതയോടെ കാണുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പൊതിച്ചോറുകൾ വിതരണം ചെയ്യുന്നത്. ഇത്തരം കാര്യങ്ങളിൽ ചർച്ചകൾ നടത്താൻ തയ്യാറാകണമെന്നും റിയാസ് പറഞ്ഞു.
പൊതിച്ചോർ ഒരു മന്ത്രിക്കും
തടയാനാകില്ല:വി.കെ സനോജ്
കണ്ണൂർ: കക്ഷിരാഷ്ട്രീയത്തിനതീതമായ പിന്തുണ ലഭിച്ച ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പൊതിച്ചോർ
പദ്ധതി ഒരു മന്ത്രിക്കും തടയാനാകില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് എം.എൽ.എ.ഇതുവരെ തുടർന്നതുപോലെ വരും ദിവസങ്ങളിലും വിതരണം ചെയ്യും.പൊതിച്ചോർ വിതരണത്തിൽ രാഷ്ട്രീയം കാണുന്നത് ആരോഗ്യമന്ത്രി കെ. മുരളീധരനാണ്.ഭക്ഷണം നൽകുമ്പോൾ അതിൽ ഒരു രാഷ്ട്രീയ ഇടപെടലും ഡി.വൈ.എഫ്.ഐ നടത്തിയിട്ടില്ല.പൊതിച്ചോർ വിതരണത്തിൽ ഒരു ക്രമസമാധാന പ്രശ്നവും റിപ്പോർട്ടുചെയ്തിട്ടില്ല.പൊതിച്ചോറുകളിൽ സ്റ്റിക്കറുകളോ മറ്റ് രാഷ്ട്രീയ പ്രചാരണങ്ങളോ നടത്താത്ത സാഹചര്യത്തിൽ എന്തുകാര്യത്തിലാണ് ഈ ഇടപെടലെന്ന് മന്ത്രി വ്യക്തമാക്കണം.ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മന്ത്രി തികഞ്ഞ പരാജയമാണെന്നും സനോജ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |