SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.11 AM IST

ഇത് വിജയന്റെ വിജയ ഗാഥ

vijayan
പി.വിജയൻ

തിരുവനന്തപുരം: പൊലീസ് ഉന്നതൻ മെനഞ്ഞ കള്ളക്കഥ കാരണം ആറുമാസം സസ്പെൻഡ് ചെയ്യപ്പെട്ട ശേഷം തിരിച്ചെത്തി അഡി.ഡി.ജി.പിയായും ഇന്റലിജൻസ് മേധാവിയായും ഉയർത്തപ്പെട്ട പി.വിജയന്റെ വിജയഗാഥയാണിത്.

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പിടിക്കാൻ കേന്ദ്രസഹായം തേടിയത് ഇഷ്ടപ്പെടാത്ത പൊലീസ് ഉന്നതൻ, സസ്പെൻഷനിലും വകുപ്പുതല അന്വേഷണത്തിലും കുരുക്കി. സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയന്റെ എ.ഡി.ജി.പി സ്ഥാനക്കയറ്റം തടയാനുള്ള ചട്ടവിരുദ്ധ സസ്പെൻഷനു പിന്നിലെ കള്ളക്കളികൾ 'കേരളകൗമുദി 'പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്ന് സസ്പെൻഷൻ റദ്ദാക്കി വിജയനെ തിരിച്ചെടുത്ത് മേയിൽ എ.ഡി.ജി.പിയായി ഉയർത്തി. 2028വരെ സർവീസുള്ള വിജയന് പൊലീസ് മേധാവിയാവാനും അവസരമുണ്ട്.

ട്രെയിൻ തീവയ്പ്പു കേസ് പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരെ വിജയൻ ഫോണിൽ ബന്ധപ്പെട്ടത് സുരക്ഷാവീഴ്ചയുണ്ടാക്കിയെന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാറിന്റെ റിപ്പോർട്ടിലായിരുന്നു സസ്പെൻഷൻ. ആറുമാസം സസ്പെൻഷനിലാക്കി. തിരിച്ചെടുക്കാൻ ചീഫ്സെക്രട്ടറി രണ്ടുവട്ടം ശുപാർശ ചെയ്തിട്ടും ഉന്നതൻ തടഞ്ഞു. വിവാദമായതോടെ തിരിച്ചെടുത്തു. വിജയൻ കേന്ദ്രസഹായം തേടിയതിൽ തെറ്റില്ലെന്ന് വകുപ്പുതല അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പ്രതിയുടെ ഫോട്ടോയും വീഡിയോയും പുറത്തു വിട്ടത് മഹാരാഷ്ട്ര എ.ടി.എസാണെങ്കിലും ആ കുറ്റവും വിജയന്റെ തലയിലാക്കിയിരുന്നു. പ്രതിയുടെ യാത്രാമാർഗ്ഗം പുറത്തായത് തീവ്രവാദികളുടെ ആക്രമണത്തിന് ഇയാക്കിയേനേ എന്നായിരുന്നു എ.ഡി.ജി.പിയുടെ കുറ്റപ്പെടുത്തൽ. വിജയനെ പുകയ്ക്കാൻ കള്ളക്കഥയുണ്ടാക്കിയ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് വിവാദങ്ങളിൽ കുടുങ്ങി ക്രമസമാധാനചുമതല നഷ്ടമായ ഘട്ടത്തിലാണ് വിജയൻ സുപ്രധാന ചുമതലയിലേക്കെത്തുന്നത്. കോഴിക്കോട് സ്വദേശിയാണ്. ഐ.എ.എസ് ഉദ്യോഗസ്ഥയായ എം.ബീനയാണ് ഭാര്യ. മാതൃകാ ഉദ്യോഗസ്ഥ ദമ്പതികളായി ഇവരെ സൗത്ത്ഇന്ത്യൻ ബാങ്ക് തിരഞ്ഞെടുത്തിരുന്നു.

യുവതയുടെ ഹീറോ

പത്താംക്ലാസ് തോറ്റശേഷം നിശ്ചയദാർഢ്യത്തോടെ പഠിച്ച് ഐ.പി.എസ് നേടിയ വിജയൻ യുവതലമുറയുടെ ഹീറോയാണ്.‌‌

ചേലേമ്പ്ര ബാങ്ക് കൊള്ള, പ്രധാനമന്ത്രിക്കെതിരായ ഇ-മെയിൽ ഭീഷണി, തന്ത്രികേസ് അടക്കം തെളിയിച്ച് മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്തു.

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള ഉദ്യോഗസ്ഥനുള്ള സി.എൻ.എൻ-ഐ.ബി.എൻ പുരസ്കാരം ലഭിച്ചു. ‌‌സമൂഹമാദ്ധ്യമങ്ങളിലും താരം.

മൻ-കീ-ബാത്തിന്റെ നൂറാംപതിപ്പിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാൻ സർക്കാർ അനുവദിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA