SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

പതിനാറുകാരനുൾപ്പെടെ മർദ്ദനം : വാടാനപ്പിള്ളിയിൽ സംഘർഷം

police-attack

വാടാനപ്പള്ളി : തളിക്കുളത്ത് സംഘർഷത്തിനിടയിൽ പിടികൂടിയ പതിനാറുകാരനെ വനിത എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് വാടാനപ്പിള്ളി പൊലീസ് സ്‌റ്റേഷന് മുന്നിൽ വീട്ടമ്മമാരുടെ നേതൃത്വത്തിൽ രാത്രി ഏറെ വൈകിയും പ്രതിഷേധം.

ശനിയാഴ്ച രാത്രി ഉത്രം വിളക്ക് മഹോത്സവത്തിലെ കാവടിയാട്ടത്തിനിടയിൽ തുള്ളിച്ചാടിയ ആൾ യുവതിയെ കയറിപ്പിടിച്ചെന്ന് ആരോപിച്ചാണ് സംഘർഷം ഉടലെടുത്തത്. പിന്നീട് ശാന്തമായെങ്കിലും ഇത് വീട് കയറിയുള്ള ആക്രമണത്തിലും ഒരാളുടെ തല പൊളിക്കുന്നതിലുമെത്തി. ചേരിതിരിഞ്ഞ് അടിപിടി നടക്കുന്നതിനിടയിൽ വാടാനപ്പിള്ളി പൊലീസെത്തി. ആക്രമണം നടത്തിയ യുവാവിനെയും വടി പിടിച്ച് നിന്നിരുന്ന 16 കാരനടക്കം മൂന്ന് വിദ്യാർത്ഥികളെയും സിവിൽ ഡ്രസിലായിരുന്ന വനിത എസ്.ഐയുടെ നേതൃത്വത്തിൽ പടികൂടി മർദ്ദിച്ച ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം.

വിവരമറിഞ്ഞ് സ്ത്രീകളടക്കം കൂടുതൽ പേർ സ്‌റ്റേഷനിലെത്തി. മൂന്നുപേരും നിരപരാധികളാണെന്നും ഇവരെ വിട്ടയയ്ക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം 16 കാരനെ പൊലീസ് വിട്ടയച്ചു. തന്നെയും മറ്റുള്ളവരെയും വനിത സി.ഐ അടക്കം നാലോളം വരുന്ന പൊലീസുകാർ മർദ്ദിച്ചതായി ഇയാൾ പരാതി പറഞ്ഞു. ലോക്കപ്പിൽ നിന്ന് ബാത്ത് റൂമിലും പിൻവശത്തും ഓരോരുത്തരെയും കൊണ്ടുപോയി മാറി മാറി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മുഖത്തും തലയിലും പുറത്തും തോളിലും മർദ്ദിച്ചതായി പറഞ്ഞു. പിന്നീട് നെഞ്ചുവേദനയും പുറംവേദനയും കാരണം കുട്ടിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവരെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് തടയുമെന്ന മുന്നറിയിപ്പ് വന്നതോടെ ജില്ലയിലെ വിവിധ സ്‌റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസെത്തി. ഇതിനിടയിൽ ഒരാളെ പരിക്കേൽപ്പിച്ച മറ്റൊരു പ്രതിയെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിൽ മകനെ കെട്ടിപ്പിടിച്ച വീട്ടമ്മയെ പൊലീസ് കൈ പിടിച്ച് വലിച്ചിട്ടതോടെ ഇവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി വൈകിയിട്ടും പൊലീസ് സ്‌റ്റേഷന് മുന്നിൽ ജനക്കൂട്ടം തുടരുകയാണ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA