
തിരുവനന്തപുരം; യു.ഡി.എഫ് ഭരണ കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയെ പടുകുഴിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയ ശേഷം സ്വകാര്യ മേഖലയ്‌ക്ക് ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിക്കാൻ ശ്രമിച്ചപ്പോഴാണ് സ്വകാര്യ സർവകാലശാലകളെ എൽ.ഡി.എഫ് എതിർത്തതെന്ന് മന്ത്രി ആർ. ബിന്ദു നിയമസഭയിൽ പറഞ്ഞു.2025 ലെ കേരള സ്വകാര്യ സർവകലാശാല ( സ്ഥാപനവും നിയന്ത്രണവും) ബില്ലിന്മേലുള്ള ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സർവകലാശാലകളിൽ പരീക്ഷ പോലും കൃത്യമായി നടത്താൻ സാധിക്കാത്ത നിലയിലായിരുന്നു യു.ഡി.എഫ് ഭരണകാലം. എൽ.ഡി.എഫ് സർക്കാർ വന്നശേഷം പൊതുസർവകലാശാലകളെ മികച്ചരീതിയിൽ മാറ്റിയെടുക്കുകയും നാക് അക്രഡിറ്റേഷൻ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടി രാജ്യത്തെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ത്യയിലെ ഏതു സർവകലാശാലകളോടെയും കിടപിടിക്കാൻ കഴിയുന്ന വിധം പൊതുവിദ്യാഭ്യാസ മേഖല വളർന്നു. അതിന് ശേഷമാണ് സ്വകാര്യ സർവകലശാലകൾക്ക് സംസ്ഥാനത്ത് പ്രവർത്തനാനുമതി നൽകുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ മുൻ പരിചയമുള്ളവർക്ക് മാത്രമേ വ്യക്തമായ ഡി.പി.ആറിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയിൽ പ്രവർത്താനുമതി നൽകു. ഏജൻസി 25 കോടി രൂപ എൻഡോവ്മെന്റ് ഫണ്ടായി കെട്ടിവയ്‌ക്കണം. വിദേശ സർവകലശാലകൾക്ക് അനുമതിയില്ല. നാൽപത് ശതമാനം സീറ്റ് സംസ്ഥാനത്തെ സ്ഥിരം താമസക്കാർക്ക് സംവരണം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബിൽ ചർച്ചകൾക്ക് ശേഷം പാസാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |