SignIn
Kerala Kaumudi Online
Friday, 23 October 2026 6.27 PM IST

പ്രസംഗം നിറുത്തിയില്ല: കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

a

തിരുവനന്തപുരം; പ്രസംഗം ചുരുക്കാൻ സ്പീക്കർ പലവട്ടം പറഞ്ഞിട്ടും അനുസരിക്കാതായതോടെ കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ.
ഇന്നലെ കേരള സ്വകാര്യ സർവകലാശാല ബില്ലിന്മേലുള്ള ചർച്ചക്കിടെയാണ് സംഭവം.. പ്രതിപക്ഷ നേതാവിന്റെ ഇഫ്താർ വിരുന്നുള്ളതിനാൽ 6 മണിക്ക് മുൻപ് സഭാനടപടികൾ അവസാനിപ്പിക്കാനായി പ്രസംഗം ചുരുക്കാൻ സ്പീക്കർ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.
ബിൽ അവതരിപ്പിച്ച മന്ത്രിയും ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും 10 മിനിറ്റിൽ കൂടുതൽ സമയമെടുത്തില്ല. എന്നാൽ കെ.ടി.ജലീൽ അതിൽ കൂടുതൽ സമയമെടുത്തു .പ്രസംഗം ചുരുക്കണമെന്ന് പലവട്ടം സ്പീക്കർ ആവശ്യപ്പെട്ടിട്ടും പ്രസംഗം തുടർന്നു.പ്രസംഗത്തിനിടെ നേരത്തെ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ടി.വി. ഇബ്രാഹിം പറഞ്ഞ കമന്റ് കേട്ട ജലീൽ 'താൻ സ്‌കൂൾ അധ്യാപകനല്ലേ, ഞാൻ കോളേജ് അദ്ധ്യാപകനാണ്' എന്ന മറു കമന്റും ജലീൽ പറഞ്ഞു.ഇതോടെ, താൻ ഹയർ സെക്കൻഡറി അദ്ധ്യാപകനാണെന്നും,പക്ഷെ തനിക്ക് വ്യാജഡോക്ടറേറ്റില്ലെന്നും ടി.വി. ഇബ്രാഹിം മറുപടി നൽകി. ഇതോടെ ഇടപെട്ട സ്പീക്കർ 'നിങ്ങൾ സുഹൃത്തുക്കളല്ലേ, അതിന്റെ സ്വാതന്ത്ര്യത്തിലാണ് ജലിൽ തമാശ പറഞ്ഞത്' എന്ന അനുനയ സംഭാഷണവുമായി വിഷയം തണുപ്പിച്ചു.നമ്മൾ എം.എ.യ്ക്ക് ഒരുമിച്ച് പഠിച്ചവരല്ലേ ,താനും ഹയർസെക്കൻഡറി അദ്ധ്യാപകനാകേണ്ടിയിരുന്ന ആളായിരുന്നെന്ന് പറഞ്ഞ് ജലീൽ പ്രസംഗം തുടർന്നു.
17 മിനിറ്റ് കഴിഞ്ഞിട്ടും പ്രസംഗം നിറുത്താൻ തയ്യാറാകാതെ വന്നതോടെ ക്ഷുഭിതനായ സ്പീക്കർ ജലീലിന്റെ മൈക്ക് ഓഫ് ചെയ്തു. തുടർന്ന് സംസാരിക്കാൻ ഇ.കെ. വിജയനെ ക്ഷണിച്ചു. സഭയിൽ എല്ലാവരും ഒരുപോലെയാണെന്നും ചെയറിനോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്നും സ്പീക്കർ പറഞ്ഞു.മുൻപ് സംസാരിച്ചവർ പ്രസംഗിക്കാൻ കഴിവില്ലാത്തവരല്ലെന്നും അവരെല്ലാം ചെയർ പറഞ്ഞത് കേട്ടുവെന്നും ഓർമിപ്പിച്ചു.
ഇ.കെ.വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റെങ്കിലും ജലീൽ മൈക്കില്ലാതെ പ്രസംഗം തുടർന്നു. ‘‘ചെയർ ഒരുപാട് തവണ സഹകരിച്ചു. പ്രതിപക്ഷം പോലും കൃത്യസമയത്ത് അവസാനിപ്പിച്ചു.

ചെയറിനോട് കാണിക്കേണ്ട മര്യാദ ജലീൽ കാണിച്ചിട്ടില്ല. കെ.ടി.ജലീലിന് പ്രത്യേക പരിഗണന ഒന്നും സഭയ്ക്കകത്തില്ല.’’ – സ്പീക്കർ നവ്യക്തമാക്കി. അതോടെ ജലീൽ സീറ്റിലിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA