
കൊച്ചി: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാരുടെ പൊതുസ്ഥലംമാറ്റം പൂർണമായും ഓൺലൈനിൽ നടത്താൻ സർക്കാർ തീരുമാനം. മാനദണ്ഡങ്ങളും മാർഗ നിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്ഥലംമാറ്റ നടപടികൾ അനിശ്ചിതമായി നീളുന്നതായും 150-ഓളം സ്കൂളുകൾ പ്രിൻസിപ്പൽമാരില്ലാതെ പ്രതിസന്ധിയിലായെന്നും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് അടിയന്തര ഉത്തരവ്.
അപേക്ഷകളിലോ രേഖകളിലോ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഹോം സ്റ്റേഷന് പുറത്തുള്ള സർവീസ് കാലയളവാണ് പ്രധാന മാനദണ്ഡം. മലയോര, വിദൂര മേഖലകളിൽ ജോലി ചെയ്യുന്നവരുടെ ഒരുവർഷത്തെ സേവനം ഒന്നരവർഷ കാലയളവായി പരിഗണിക്കും. ഹോം സ്റ്റേഷനിൽ നിന്നുള്ള ദൂരം കണക്കാക്കി പ്രത്യേക വെയിറ്റേജ് മാർക്കും നിശ്ചയിച്ചു. ഗുരുതര രോഗബാധിതർ, വിരമിക്കാൻ രണ്ടുവർഷമുള്ളവർ, പ്രസവാവധി കഴിഞ്ഞവർ, 60 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർ തുടങ്ങിയവരെ ആദ്യം പരിഗണിക്കും. ആകെ ഒഴിവുകളുടെ 10 ശതമാനം അനുകമ്പാർഹവും പരിരക്ഷിതവുമായ വിഭാഗത്തിനായി മാറ്റിവയ്‌ക്കും. 20 ശതമാനം പട്ടികജാതി, പട്ടികവർഗക്കാർ, ഭിന്നശേഷിക്കാർ, സൈനികരുടെ ആശ്രിതർ, വിധവകൾ, മിശ്രവിവാഹിതർ തുടങ്ങിയ 17 മുൻഗണനാ വിഭാഗങ്ങൾക്കായി നീക്കിവയ്‌ക്കും.
പ്രധാന നിർദ്ദേശങ്ങൾ
1. ഓരോ അക്കാഡമിക് വർഷവും സർക്കാർ നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ചാകും സ്ഥലംമാറ്റം
2. മേയ് 31ന് ഒരു ജില്ലയിൽ തുടർച്ചയായി മൂന്നുവർഷത്തെ സേവനം പൂർത്തിയാക്കുന്ന പ്രിൻസിപ്പൽമാരുടെ തസ്തികകൾ, പുതിയ ഒഴിവുകൾ, ഡെപ്യൂട്ടേഷൻ മടങ്ങിവരവ് തുടങ്ങിയവ വഴിയുണ്ടാകുന്ന ഒഴിവുകൾ 'ഓപ്പൺ വേക്കൻസി"കളായി പോർട്ടലിൽ പ്രസിദ്ധീകരിക്കും
3. പ്രിൻസിപ്പൽ തസ്തികയിൽ നിയമനം ലഭിച്ച എല്ലാവർക്കും അപേക്ഷിക്കാം. ഓപ്ഷൻ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം ലഭിച്ച സ്കൂളിൽ ഒരുവർഷം പൂർത്തിയായാൽ അടുത്തവർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടാകും. പരസ്പരം മാറ്റത്തിനായുള്ള അപേക്ഷകൾ പരിഗണിക്കില്ല.
മാർഗ നിർദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നു. സാങ്കേതികപ്രശ്നങ്ങൾ ഒഴിവാക്കാൻ ആദ്യം പ്രിൻസിപ്പൽ സ്ഥലം മാറ്റവും തുടർന്ന് അദ്ധ്യാപകമാറ്റവും നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കെ. വെങ്കിടമൂർത്തി (പ്രസിഡന്റ്),
അനിൽ എം. ജോർജ് (ജനറൽ സെക്രട്ടറി)
ഹയർ സെക്കൻഡറി സ്‌കൂൾ
ടീച്ചേഴ്സ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |