
കോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വയനാട് എം.പി പ്രിയങ്കാഗാന്ധി എന്നിവർക്കെതിരെ യുവമോർച്ചയുടെ കരിങ്കൊടിപ്രതിഷേധം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധത്തിൽ സുരക്ഷാവീഴ്ചയുണ്ടെന്ന ബി.ജെ.പിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
കോഴിക്കോട് കുറ്റ്യാടി ജാനകിക്കാട് ഭാഗത്തും കണ്ണൂരിലെ പള്ളൂരിലും വച്ചായിരുന്നു രമേശ് ചെന്നിത്തലയ്ക്കുനേരെ പ്രതിഷേധമുണ്ടായത്. കോഴിക്കോട് പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഇടുങ്ങിയ റോഡിൽ വച്ചാണ് പ്രതിഷേധക്കാർ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുത്ത് കരിങ്കൊടി വീശിയത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നോവലിസ്റ്റ് എം. മുകുന്ദനെ സന്ദർശിച്ച് മടങ്ങവെയാണ് പള്ളൂരിൽ വച്ച് പ്രതിഷേധമുണ്ടായിത്.
തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്തായിരുന്നു പ്രിയങ്കാഗാന്ധിക്കുനേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടിപ്രതിഷേധം. സി.ആർ.പി.എഫിന്റെയും കേരള പൊലീസിന്റെയും കനത്ത സുരക്ഷാ അകമ്പടിയോടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് സംഭവം. റോഡരികിൽ നിലയുറപ്പിച്ചിരുന്ന പ്രവർത്തകർ കരിങ്കൊടിയുമായി വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വി.വി.ശ്രീഹരി, ജനറൽ സെക്രട്ടറി നിതിൻ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തിരുവമ്പാടി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.
സണ്ണി ജോസഫിനെതിരെ കരിങ്കൊടി
കൊട്ടിയൂർ: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനു നേരെ ബി.ജെ.പി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊട്ടിയൂരിൽ അമ്പായത്തോട് - തലപ്പുഴ 44 -ാം മൈൽ ചുരമില്ലാപാത നിർമ്മാണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്ത് തിരിച്ചു വരുന്നതിനിടെയായിരുന്നും കരിങ്കോടി പ്രതിഷേധം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിലും വൈദ്യുതി പ്രതിസന്ധിയിലും പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം.സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരായ അരുൺ ഭരത്, എ.പി. ബാബു, ദീപക് എന്നിവരെ കേളകം പൊലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |