
(പി.എസ്.സി മെമ്പറാകാൻ കൈക്കൂലി കൊടുത്തു എന്ന് വരെ ആരോപണമുണ്ട്. കൊടുത്തെങ്കിലും എന്താ? നഷ്ടമില്ലല്ലോ!.)
പബ്ളിക് സർവ്വീസ് കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർദ്ധിപ്പിച്ചത് നികുതി കൊടുത്തു നടുവൊടിഞ്ഞിരിക്കുന്ന സാധാരണ ജനങ്ങളുടെ നേരേയുള്ള കൊഞ്ഞനം കുത്തലാണ്. 2021ൽ 1600 രൂപ ആയി നിശ്ചയിച്ച ക്ഷേമ പെൻഷന്റെ ഇന്നത്തെ മൂല്യം 1303 രൂപയാണ്. അത് 100 രൂപ വർദ്ധിപ്പിക്കാൻ കാശില്ല. മൂന്നു മാസം കുടിശികയാണ്. ആശാ വർക്കർമാർ നക്കാപ്പിച്ച കാശിനു ജോലി ചെയ്യുന്നു. അത് വർദ്ധിപ്പിക്കുന്നില്ലെന്നു മാത്രമല്ല ഉള്ളത് കുടിശ്ശികയുമാണ്. അവർ സെക്രട്ടേറിയറ്റ് നടയിൽ സമരത്തിലാണ്.
നികുതി പിരിക്കാത്തതല്ല. എന്തെല്ലാം നികുതികൾ വർദ്ധിപ്പിച്ചു? ക്ഷേമ പെൻഷൻ കൊടുക്കാൻ വേണ്ടി മദ്യത്തിന്മേലും പെട്രോളിന്മേലും ഏർപ്പെടുത്തിയ സെസ് വരുമാനം ശമ്പളക്കാർക്കും പെൻഷൻകാർക്കും പി.എസ്.സി കാർക്കും പോകും. അതായത് പണ്ട് രാജാവിന്റെ കടമ ബ്രാഹ്മണരെയും പശുക്കളെയും തൃപ്തിപ്പെടുത്തുകയായിരുന്നു. മിച്ചം എന്തെങ്കിലുമുണ്ടെങ്കിൽ മാത്രം മറ്റുള്ളവർക്ക് . ഇന്ന് കേരളത്തിലെ 'ബ്രാഹ്മണർ' ഈ പി.എസ്.സി അംഗങ്ങൾ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരുമാണ്. അതിൽ എല്ലാ ജാതിക്കാരും മതക്കാരുമുണ്ടെന്നെയുള്ളൂ. അവരുടെ ഊണ് കഴിഞ്ഞു മിച്ചം വരുന്നുണ്ടോയെന്ന് അവർ അറിയുന്നില്ല. അവർക്കറിയുകയും വേണ്ട. പക്ഷേ,
വിളമ്പിക്കൊടുക്കുന്ന ജനാധിപത്യ സർക്കാർ അറിയണ്ടേ.?
യു.പി പോലെ 22 കോടി ജനങ്ങളുള്ള സംസ്ഥാനത്ത് പി.എസ്.സി അംഗങ്ങൾ ആറോ എട്ടോ പേരെ ഉള്ളൂ എന്നാണറിവ്. മിക്ക സംസ്ഥാനങ്ങളിലും പത്തിനു താഴെ മാത്രം. ഇവിടെ 21. ഇവരുടെയൊക്കെ യോഗ്യതയെക്കുറിച്ച് നോക്കിയാൽ ഒന്നും പറയാതിരിക്കുകയാകും ഭേദം.. പി.എസ്.സി മെമ്പറാകാൻ കൈക്കൂലി കൊടുത്തു എന്ന് വരെ ആരോപണമുണ്ട്. കൊടുത്തെങ്കിലും എന്താ? നഷ്ടമില്ലല്ലോ. എടുത്താൽ പൊങ്ങാത്ത ശമ്പളവും ആജീവനാനന്ത പെൻഷനും.ഇതൊക്കെ കണക്കു പറഞ്ഞു വാങ്ങുന്നവർക്കു ലജ്ജയില്ലേ? ഇവരൊക്കെ വലിയ സാമൂഹിക പ്രതിബദ്ധത മൈതാന പ്രസംഗങ്ങളിൽ വിളിച്ചു പറയുന്നവരല്ലേ? തങ്ങൾ ഈ വർദ്ധന ചോദിക്കുന്നത് ക്ഷേമ പെൻഷൻകാരുടെയും ആശാ വർക്കർമാരുടെയും ചെലവിലാണെന്ന തിരിച്ചറിവ് ഇവർക്കൊന്നും ഇല്ലാതെ പോകുന്നല്ലോ.
ഇതൊക്കെ കേരളം കൊണ്ടുനടക്കുന്ന മുന്നണി രാഷ്ട്രീയത്തിന്റെ അനിവാര്യമായ പരിണതി യാണ്. വളരുന്തോരും പിളരുകയും പിളരുന്തോരും വളരുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന മുന്നണികൾ അല്ലേ? ഈ വയറ്റിപ്പിഴപ്പ് രാഷ്ട്രീയം നിലനിൽക്കുമ്പോൾ പി.എസ്.സി അംഗങ്ങൾ 21 ആയി കുറഞ്ഞതിലെ അത്ഭുതപ്പെടാനുള്ളു.
ഇതിനെതിരെ ജനാരോഷം ഉയരണം.ഇത് വർദ്ധിപ്പിച്ചു കൊടുത്ത ഭരണക്കാർക്കു
നഷ്ടമൊന്നുമില്ല. പാർട്ടി ലെവിയായും സംഭാവനയായും അതിലെ നല്ലൊരു ഭാഗം അടുത്ത തിരഞ്ഞെടുപ്പു ഫണ്ടിൽ എത്തിക്കും. കൊടുത്തവർക്കും വാങ്ങുന്നവർക്കും ഒരു പോലെ ലാഭം.
(പ്രമുഖ സാമ്പത്തിക വിദഗ്ദനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ ഫാക്കൽറ്റിയുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |