SignIn
Kerala Kaumudi Online
Sunday, 31 May 2026 12.46 AM IST

പി.എസ്.എൽ.വി.ദൗത്യപരാജയം: ജൂണിൽ വീണ്ടും വിക്ഷേപണം നടത്താൻ കേന്ദ്ര നിർദ്ദേശം

READ ENGLISH VERSION
a

തിരുവനന്തപുരം:പി.എസ്.എൽ.വി. വിക്ഷേപണ റോക്കറ്റിന്റെ തുടർച്ചയായ പരാജയത്തിൽ കടുത്ത നിലപാടുമായി കേന്ദ്രസർക്കാർ. ജൂണിൽ അടുത്ത വിക്ഷേപണം നടത്താൻ ഐ.എസ്.ആർ.ഒ.യ്ക്ക് നിർദ്ദേശം നൽകി. ഇതുവരെയുണ്ടായ രണ്ട് പരാജയങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളും കണ്ടെത്തലുകളും ഐ.എസ്.ആർ.ഒ.യ്ക്ക് പുറത്തുള്ള സ്വതന്ത്ര ഏജൻസിയെ വിലയിരുത്താൻ ഏൽപിക്കും. മനഃപൂർവ്വമായ പിഴവുകളുണ്ടെങ്കിൽ നടപടിയുണ്ടാകും.

കഴിഞ്ഞ വർഷം മേയ് 18നും ഈ വർഷം ജനുവരി 12നുമാണ് പി.എസ്.എൽ.വി.വിക്ഷേപണങ്ങൾ പരാജയപ്പെട്ടത്. നാലുഭാഗങ്ങളായി കത്തിയമർന്ന് കുതിക്കുന്ന റോക്കറ്റിന്റെ മൂന്നാമത്തെ ഭാഗത്തെ ജ്വലനത്തിനിടയിലാണ് രണ്ടുതവണയും ദൗത്യപരാജയമുണ്ടായത്. 93% വിജയറെക്കോഡുള്ള പി.എസ്.എൽ.വി.ക്ക് തുടർച്ചയായ രണ്ടുപരാജയങ്ങൾ വിചിത്രമാണെന്നാണ് വിലയിരുത്തൽ.രണ്ടുറോക്കറ്റുകളും നിർമ്മിച്ചത് ഐ.എസ്.ആർ.ഒ.യുടെ ഏറ്റവും വലിയ യൂണിറ്റായ തിരുവനന്തപുരത്ത് തുമ്പയിലെ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലാണ്. രണ്ടുതവണയും പരാജയകാരണങ്ങൾ അന്വേഷിച്ചത് ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരും എൻജിനിയർമാരും ഉൾപ്പെട്ട സമിതികളായിരുന്നു.പക്ഷെ അത് ഫലവത്തായില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. പരാജയത്തിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നും മന:പൂർവ്വം വീഴ്ച വരുത്താനുളള ശ്രമം ഏതെങ്കിലും കോണിൽ നിന്നുണ്ടായോ എന്നും ആണ് സംശയം.ജനുവരിയിലെ വിക്ഷേപണ പരാജയത്തിലൂടെ നഷ്ടമായ 16 ഉപഗ്രഹങ്ങളിൽ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച ചാര ഉപഗ്രഹമായ അന്വേഷയും ഉൾപ്പെട്ടതോടെയാണ് കേന്ദ്രസർക്കാരും ഇത് ഗൗരവമായി കണക്കിലെടുത്തത്.

അട്ടിമറി സാധ്യത വിലയിരുത്താൻ ദേശീയ സുരക്ഷാ മേധാവി അജിത് ഡോവൽ നേരിട്ട് വി.എസ്.എസ്.സിയിലെത്തി പരിശോധനകളും മീറ്റിംഗുകളും നടത്തി.അട്ടിമറിക്ക് ശ്രമമുണ്ടായതായി കരുതാനാവില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ മനഃപൂർവ്വമായ വീഴ്ചയുണ്ടായോ എന്ന സംശയം ബാക്കിയാണ്. അത് വിലയിരുത്താനാണ് സ്വതന്ത്ര ഏജൻസിയെ ഏൽപിക്കുന്നത്. അന്വേഷണ റിപ്പോർട്ടുകളും വിക്ഷേപണ ഡാറ്റാകളുമാണ് ഏജൻസി പരിശോധിക്കുക.

പി.എസ്.എൽ.വി. യുടെ വിശ്വാസ്യത വീണ്ടെടുക്കാനും പരാജയം ഒഴിവാക്കാനും കടുത്ത നിർദ്ദേശമാണ് കേന്ദ്രം നൽകിയിരിക്കുന്നത്. ഇൗ വർഷം 18 വിക്ഷേപണത്തിനുള്ള ഒാർഡറുകളാണ് പി.എസ്.എൽ.വിക്കുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PSLV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA