SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.34 PM IST

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

READ ENGLISH VERSION
body-public-viewing
പൊതുദർശനം

തിരുവനന്തപുരം: കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശി ആർ രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. വീട്ടിൽ സ്ഥലപരിമിതി ഉള്ളതിനാൽ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് പൊതുദർശനം. നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ട ആളായിരുന്നു രാജേഷ്.

അവസാനമായി ഒരുനോക്ക് കാണാനെത്തിയവരെല്ലാം നിറകണ്ണുകളോടെയാണ് മടങ്ങുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സണ്ണി ജോസഫ്, പി സി വിഷ്‌ണുനാഥ് ഉൾപ്പെടെ നിരവധി രാഷ്‌ട്രീയ പാർട്ടി നേതാക്കൾ രാജേഷിന് അന്തിമോപചാരമർപ്പിക്കാൻ എത്തി. സംസ്ഥാന ബഹുമതികളോടെയാകും സംസ്‌കാരം. ചെറുപുഴ മീന്തുള്ളി തുരുത്തിൽ ജീവന് വേണ്ടി അപേക്ഷിച്ചുകൊണ്ടിരുന്ന കർഷകനായ ബെന്നിയെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം ഇറങ്ങിയപ്പോഴാണ് രാജേഷിന് ജീവൻ നഷ്‌ടമായത്. ബെന്നിയുടെ ജീവൻ തിരിച്ചുനൽകിയ രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടത്തിൽ പെട്ടതിന്റെ നാലാംദിനത്തിലാണ് മൃതദേഹം കണ്ടെത്താനായത്. കാര്യങ്കോട് പുഴയിൽ ഇടവരമ്പ് കാനാപീടികയ്ക്ക് സമീപത്തെ കോച്ചേരി തുരുത്തിൽ നിന്നാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് പുഴയ്ക്ക് നടുവിലെ തുരുത്തിൽ ഓടക്കാടുകൾക്കിടയിൽ മൃതദേഹം കണ്ടത്.

കല്ലിയൂർ അഡ്വഞ്ചർ ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ക്ലബ്ബായ ആഡംസ് ക്ലബിന്റെ പ്രസിഡന്റായ രാജേഷ് മൂന്ന് മാസമായി റെപ്പല്ലിംഗ് ഇൻസ്ട്രക്ടർ ആയി ഇടവരമ്പിൽ ജോലി ചെയ്യുകയായിരുന്നു. രാജശേഖരന്റെയും ഗീതയുടെയും മകനാണ്. സഹോദരൻ രജ്ഞിത്ത് തമ്പാനൂരിലെ ട്രെയിൻ അപകടത്തിൽ രണ്ടു വർഷം മുൻപ് മരിച്ചിരുന്നു. സഹോദരി ആശ. ഭാര്യ: ഷാഫിയ. മക്കൾ: ആർഷൻ, അഭിഷേക് ഇരുവരും സ്‌കൂൾ വിദ്യാർത്ഥികളാണ്. സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്ന രാജേഷിന്റെ കുടുംബത്തിന് വീട് വച്ചുനൽകാമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

English Summary

The body of R. Rajesh, who died during a rescue operation in Kannur, was brought to his hometown in Thiruvananthapuram. A public tribute was held near a health centre due to space constraints. Rajesh lost his life while helping rescue a farmer trapped in floodwaters. He will be cremated with state honours.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJESH, RESCUE OPERATION, KERALA NEWS, RAJESH DEATH, RAKSHAPRAVARTHANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA