SignIn
Kerala Kaumudi Online
Friday, 23 October 2026 5.47 PM IST

മരുന്ന് പ്രതിസന്ധി കോഴിക്കോട് മെഡി. കോളേജിൽ സമരവുമായി എം.കെ.രാഘവൻ

rakhavan

കോഴിക്കോട്: ഏപ്രിൽ മുതലുള്ള കുടിശിക തുക 90 കോടിയിലെത്തിയതോടെ വിതരണക്കാർ മരുന്ന് വിതരണം നിറുത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിസന്ധി.

ന്യായവില മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ ലഭ്യമല്ലാതായതോടെ രോഗികൾക്ക് അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. ഒൻപത് ദിവസമായി മരുന്നു വിതരണം നിറുത്തിയിട്ട്.

പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എം.കെ.രാഘവൻ എം.പി ആശുപത്രിക്ക് മുന്നിൽ ഇന്നലെ രാവിലെ എട്ടുമുതൽ 24 മണിക്കൂർ ഉപവാസ സമരം തുടങ്ങി. ഡോ.എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് മുനീർ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ അദ്ധ്യക്ഷനായി.

കഴിഞ്ഞ പത്തു മുതലാണ് വിതരണക്കാർ മരുന്ന് വിതരണം നിറുത്തിയത്. ആശുപത്രി വികസന സമിതിയുടെ ന്യായവില മെഡിക്കൽ ഷോപ്പിലേക്ക് ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്തതിന് 90 കോടിയാണ് നൽകാനുള്ളത്. ഒക്ടോബർ വരെയുള്ള കുടിശികയെങ്കിലും ലഭിക്കാതെ മരുന്ന് വിതരണം പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.

പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ വിതരണക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലും ധാരണയായില്ല. അവശ്യ ലിസ്റ്റിലുൾപ്പെട്ട 155 ഇനം മരുന്നുകൾ കാരുണ്യ ഫാർമസി വഴി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും എത്തിയിട്ടില്ല. ഹൃദയ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്ത വകയിൽ 30 കോടിയോളം കുടിശിക ഉള്ളതിനാൽ ഇവയുടെ വിതരണം ഉടൻ നിറുത്തുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഹൃദയ ശസ്ത്രക്രിയയെ അടക്കം ബാധിക്കും.

മരുന്ന് എത്തിക്കും:

മന്ത്രി വീണാ ജോർജ്

മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാരുണ്യ വഴി അടിയന്തരമായി മരുന്ന് എത്തിക്കാനും വിതരണക്കാർക്ക് കുടിശിക ഉടൻ കൊടുത്തു തീർക്കാൻ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAKHAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA