
തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ സ്‌കീം ഫോർ മോഡേനൈസേഷൻ ആൻഡ് റഫോംസ് ത്രൂ ടെക്‌നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷന്റെ (സ്മാർട് പി.ഡി.എസ്) ഭാഗമായി സംസ്ഥാനത്ത് 48,000 റേഷൻ കാർഡുകൾ മരവിപ്പച്ചേക്കും. ആദ്യഘട്ടത്തിൽ ആറ് മാസത്തലേറെയായി റേഷൻ വാങ്ങാത്ത കാർഡുകളാണ് ഒക്ടോബർ ഒന്നു മുതൽ നടപ്പാക്കുന്നത്. തുടർന്ന് പല ഘട്ടങ്ങളലായി ആറ് ലക്ഷത്തോളം കാർഡുകൾ മരവിപ്പിക്കും.
മരവിപ്പിച്ച കാർഡിലെ എല്ലാ അംഗങ്ങളും 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിൽ ബയോ മെട്രിക് ഇ കെ.വൈ.സി നടത്തിയാലേ ഇത് പുനരുജ്ജീവിപ്പിക്കൂ. ഇല്ലെങ്കിൽ റദ്ദാക്കും. മുൻഗണനാ കാർഡുകളായ മഞ്ഞ,പിങ്ക് എന്നിവ റദ്ദാക്കപ്പെട്ടാൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതത്തിൽ ആനുപാതികമായ കുറവു വരാനും സാദ്ധ്യതയുണ്ട്. കാർഡ് ഉടമകളുടെ വിവരങ്ങൾ സ്മാർട് പി.ഡി.എസിന്റെ ഭാഗമായി 2024ൽ ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേരളം കേന്ദ്രത്തിനു കൈമാറിയിരുന്നു. അതേസമയം, കാർഡുകൾ മരവിപ്പിക്കുന്ന നടപടിയെ എതിർക്കാൻ കേന്ദ്രത്തിന് കത്തയയ്ക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
മുൻഗണനാ വിഭാഗത്തിലെ 5,370 മഞ്ഞ (അന്ത്യോദയ അന്നയോജന-എ.എ.വൈ) 38,909 പിങ്ക് (പ്രയോറിട്ടി ഹൗസ് ഹോൾഡ്സ്-പി.എച്ച്.എച്ച്) കാർഡ് ഉടമകൾ റേഷൻ വാങ്ങിയിട്ടില്ല. ഈ 2 വിഭാഗങ്ങളിലുമായി 66,701 ഗുണഭോക്താക്കളാണുള്ളത്. ഇതര വിഭാഗത്തിലെ നാലായിരത്തോളം നീല,വെള്ള കാർഡുകാർ ആറ് മാസത്തലേറെയായി റേഷൻ വാങ്ങുന്നില്ല. കേന്ദ്രത്തിൽ നിന്നുള്ള ടൈഡ് ഓവർ വിഹിതത്തിൽ നിന്ന് കേരളം ഇവർക്ക് റേഷൻ നൽകുന്നതിനാൽ ഇതര കാർഡുകൾ റദ്ദായാലും വിഹിതം കുറയില്ല.
1.58 കോടി കാർഡുകൾ
മരവിപ്പിക്കാൻ കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി ഉപയോഗിക്കാത്ത 1.58 കോടി റേഷൻ കാർഡുകൾ ഒരു മാസത്തിനുള്ളിൽ മരവിപ്പിക്കാൻ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം. പൊതുവിതരണ സംവിധാനത്തിലെ ഡാറ്റാബേസ് പരിഷ്‌കരിക്കാനും നിഷ്‌ക്രിയരും വ്യാജൻമാരുമായ ഗുണഭോക്താക്കളെ ഒഴിവാക്കാനുമുള്ള നടപടിയുടെ ഭാഗമാണിത്. അതേസമയം, മൂന്നു മാസത്തിനുള്ളിൽ യഥാർത്ഥ ഗുണഭോക്താക്കളാണെന്ന് തെളിയിക്കുന്ന ഇ-കെ.വൈ.സി പ്രക്രിയ വിജയകരമായി പൂർത്തിയാക്കുന്നവരുടെ കാർഡുകൾ വീണ്ടും സജീവമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |