SignIn
Kerala Kaumudi Online
Monday, 27 July 2026 12.48 PM IST

ഈ ക്ഷേത്രത്തിൽ വേദമാണ് പ്രതിഷ്ഠ

s

കോഴിക്കോട്: പൂജിക്കാനും ആരാധിക്കാനും വിഗ്രഹങ്ങളോ,​ ശ്രീകോവിലോ ഇല്ല. പകരം,​ വേദങ്ങളും സംഹിതകളും മാത്രം. കോഴിക്കോട് നഗരത്തിലെ വേദക്ഷേത്രത്തിലെ സവിശേഷതയാണിത്.

ചതുർവേദ പ്രതിഷ്ഠയ്ക്കരികെ വരെ ജാതി, മത, ലിംഗ ഭേദമില്ലാതെ ആർക്കും പ്രവേശിക്കാം. പൂവ്, ചന്ദനം, തീർത്ഥം എന്നിവയ്ക്കൊപ്പം പ്രസാദമായി പേപ്പറിൽ അച്ചടിച്ച വേദമന്ത്രവും ലഭിക്കും. ലോകത്തെ ദുരിതങ്ങൾ അകറ്റണം. ഭദ്രമായത് നൽകണം,​ എന്നതാണ് അതിലെ സാരം.

ചതുർവേദ പ്രതിഷ്ഠയുള്ള ക്ഷേത്രം ലോകത്തുതന്നെ അപൂർവം. ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠിച്ച പ്രസിദ്ധമായ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു സമീപത്താണിത്. ജാതിമത ഭേദമെന്യേ പതിറ്റാണ്ടുകളായി വേദം പഠിപ്പിക്കുന്ന കാശ്യപാശ്രമം കുലപതി ആചാര്യശ്രീ രാജേഷാണ് 2023ൽ വേദക്ഷേത്രം സ്ഥാപിച്ചത്. വേദജ്ഞാനം എല്ലാവരിലുമെത്തിക്കുകയാണ് ലക്ഷ്യം.


ദേവനാഗരി ലിപിയിലുള്ള ഋക്, യജുർ, സാമ, അഥർവ വേദങ്ങളും ലഭ്യമായ ശാഖാ സംഹിതകളും പട്ടും ഹാരങ്ങളും കൊണ്ട് അലങ്കരിച്ചാണ് പ്രതിഷ്ഠ. ആചാര്യശ്രീ രാജേഷിനു കീഴിൽ വിദേശത്ത് നിന്നുൾപ്പെടെ ലക്ഷക്കണക്കിനാളുകൾ വേദം പഠിക്കുന്നു.


വേദപാരായണം പ്രധാനം

ദിവസവും രാവിലെ ആറുമുതൽ 11 വരെയും വെെകിട്ട് 5 മുതൽ 7 വരെയുമാണ് നടതുറക്കുന്നത്. യജ്ഞത്തിനും വേദപാരായണത്തിനും വേദനാരായണ ദേവതാപൂജയ്ക്കുമാണ് പ്രാധാന്യം. എല്ലാ ദിവസവും അഗ്നിഹോത്രമുണ്ടാകും. പൗർണമിക്കും അമാവാസിക്കും വിശേഷയജ്ഞവുമുണ്ട്. നവരാത്രിക്കും മറ്റും പ്രത്യേക ക്ളാസുകളും വേദബോധന പരിപാടികളുമുണ്ടാകും. പൂജയും നെയ് വിളക്കും സമർപ്പിച്ച് പ്രാർത്ഥിക്കാം. കോഴിക്കോ‌ട് രാമനാട്ടുകര സ്വദേശി രാംവീർ ആര്യയാണ് പുരോഹിതൻ.

വേദമന്ത്രങ്ങൾ പ്രായോഗികമാണ്. അതിനെ എല്ലാവരിലേക്കും എത്തിക്കുകയാണ് വേദക്ഷേത്രത്തിന്റെ ലക്ഷ്യം. വേദങ്ങളുടെ അർത്ഥമറിഞ്ഞ് പ്രയോഗിച്ചാൽ ജീവിതത്തിൽ വിജയിക്കാം.

-ആചാര്യശ്രീ രാജേഷ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA