
കൊച്ചി: കൊറിയറിൽ വരുത്തിയ രാസലഹരിയുമായി ആലപ്പുഴ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻ.ഐ.വി) ശാസ്ത്രജ്ഞൻ പിടിയിൽ. ടെക്നിക്കൽ ഓഫീസർ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സർക്കാലെയെയാണ് (39) 3.630 എം.ഡി.എം.എയുമായി കൊച്ചി ഡാൻസാഫ് സംഘം അറസ്റ്രുചെയ്തത്. ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിൻ വികസിപ്പിക്കാൻ എൻ.ഐ.വി രൂപീകരിച്ച ശാസ്ത്രസംഘത്തിലുൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ്.
ശനിയാഴ്ച വൈകിട്ട് എറണാകുളം ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷന് സമീപത്തെ കൊറിയർ സ്ഥാപനത്തിൽ നിന്ന് പാഴ്സൽ വാങ്ങി മടങ്ങുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. കൊറിയർ കമ്പനിയുടെ ചേരാനെല്ലൂരിലെ പ്രധാന ഓഫീസിൽ ആലപ്പുഴയിലെ മേൽവിലാസത്തിലാണ് പാഴ്സലെത്തിയത്. മേൽവിലാസത്തിലെത്താൻ രണ്ടുദിവസം കാലതാമസം വരുന്നത് ഒഴിവാക്കാനാണ് ഓഫീസിൽ നേരിട്ടെത്തിയത്. സംശയം തോന്നിയ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരാണ് പൊലീസിൽ അറിയിച്ചത്.
മികച്ച ഉദ്യോഗസ്ഥൻ
12 കൊല്ലമായി എൻ.ഐ.വി ഉദ്യോഗസ്ഥനായ പ്രസാദ് സർക്കാലെ, ടെക്നിക്കൽ വിഭാഗത്തിലെ മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വാക്സിൻ വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ടും അവാർഡുകൾ ലഭിച്ചു. സ്വന്തം ആവശ്യത്തിനായാണ് എം.ഡി.എം.എ കൊറിയറിലൂടെ എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. നാളുകളായി രാസലഹരിക്ക് അടിമയാണിയാൾ. അറസ്റ്റ് വിവരം എൻ.ഐ.വി അധികൃതരെ അറിയിച്ചതായി ചേരാനല്ലൂർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |