
കൊച്ചി: ലാഫിംഗ് വില്ലയിലെ ചിരിയുടെ നായകൻ കണ്ണീർമഴ ഏറ്റുവാങ്ങി ചിതയിൽ മറഞ്ഞു. ഇന്നലെ വൈകിട്ട് 3.30ന് പറവൂർ മുറവൻതുരുത്തിലെ വീട്ടുമുറ്റത്ത് തെക്കുകിഴക്കേ മൂലയിൽ ഒരുക്കിയ ചിതയിലേക്ക് മക്കളായ ചന്തുവും ആരോമലും അഗ്നി പകർന്നതോടെ, മലയാള സിനിമയുടെ പ്രിയപുത്രൻ സലിം കുമാർ ഓർമ്മയുടെ അഭ്രപാളിയിലേക്ക്. കുടുകുടാ ചിരിപ്പിച്ചും മിഴികളെ ഈറനണിയിച്ചും സിനിമയിൽ നിറഞ്ഞാടിയ കഥാപാത്രങ്ങൾക്ക് പക്ഷേ, മരണമില്ല. മലയാളത്തിന് പുരസ്‌കാരങ്ങളുടെ അഭ്രകാന്തി പകർന്ന മഹാനടന്റെ സംസ്‌കാര ചടങ്ങിൽ പ്രിയസുഹൃത്തുകൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെ പ്രമുഖർ സന്നിഹിതരായിരുന്നു.
രാവിലെ 9 മുതൽ പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതികദേഹം 1.45ന് വസതിയായ ലാഫിംഗ് വില്ലയിൽ എത്തിച്ചു. 3.30വരെ വസതിയിലേക്ക് അവസാനമായി ഒരുനോക്കുകാണാൻ നാട്ടുകാരും അയൽവാസികളും ഒഴുകിയെത്തി.
ശനിയാഴ്ച രാത്രി സലിംകുമാറിന്റെ വേർപാട് അറിഞ്ഞതു മുതൽ ആശുപത്രിയിലും ഇന്നലെ രാവിലെ മുതൽ ടൗൺഹാളിലും പിന്നീട് സംസ്കാരചടങ്ങുകൾ കഴിയുംവരെ വസതിയിലും സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി.സി.വിഷ്ണുനാഥ് ഉണ്ടായിരുന്നു. രാവിലെ 11.30ന് ടൗൺഹാളിൽ അന്തിമോപചാരം അർപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വി.ഡി.സതീശൻ വൈകിട്ട് സംസ്കാരചടങ്ങിലുമെത്തി ആത്മസുഹൃത്തിനെ അവസാനമായി കണ്ടുമടങ്ങി.
#ഒരു നിലവിളക്കും ചന്ദനത്തിരിയും മാത്രം
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളില്ലാതെയായിരുന്നു സംസ്കാരം. വീട്ടിൽ കിടത്തിയപ്പോൾ തലയ്ക്കൽ നിലവിളക്ക് കത്തിച്ചുവച്ചു. ചന്ദനത്തിരിയും പുകച്ചു. ഭാര്യ സുനിതയും മക്കളും കെട്ടിപ്പിടിച്ചുകരഞ്ഞു. ബന്ധുക്കളിൽ ചിലർ കാൽക്കൽ നമസ്കരിച്ചു. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് എന്ന നിലയിൽ സംസ്ഥാനസർക്കാരിന്റെ ആദരവായി പൊലീസിന്റെ ഗാർഡ് ഒഫ് ഓണർ മാത്രമായിരുന്നു ചടങ്ങ്.
# സലിംകുമാറിന്റെ ചികിത്സ മുതൽ സംസ്‌കാരം വരെയുള്ള എല്ലാ ചെലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഉത്തരവ് ഇന്നലെ പുറപ്പെടുവിച്ചു. ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങാനും ടൗൺഹാളിലെ പൊതുദർശനത്തിനും സംസ്‌കാര ചടങ്ങുകൾക്കും പറവൂർ തഹസിൽദാർ സി.ആർ.ജാസൻ, ഡെപ്യൂട്ടി തഹസിൽദാർ ആർ.ബാബുരാജ്, വില്ലേജ് ഓഫീസർ പി.ആർ.അനിൽകുമാർ, വടക്കേക്കര വില്ലേജ് ഓഫീസർ സന്ധ്യ എന്നിവർ മേൽനോട്ടം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |