
തിരുവനന്തപുരം: മികച്ച പ്രതിഛായയോടെ ഭരണം തുടങ്ങിയ വി.ഡി.സതീശൻ സർക്കാരിന് കളങ്കമായി മാറിയ ``അളിയൻ നിയമനം`` മന്ത്രി സണ്ണി ജോസഫ് ഉപേക്ഷിച്ചു. രാഷ്ട്രീയ വിവാദമായി മാറുകയും മുഖ്യമന്ത്രിയിൽ നിന്നും പാർട്ടിയിൽ നിന്നും പിന്തുണ കിട്ടാതെ വരുകയും ചെയ്തതോടെ സണ്ണിജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിക്കത്ത് നൽകി. ഇന്നലെ എറണാകുളത്തായിരുന്ന മുഖ്യമന്ത്രി വി.ഡി.സതീശന് രാജിക്കത്ത് എത്തിക്കുകയായിരുന്നു. സ്വജനപക്ഷപാതമെന്ന് ആരോപണം ഉയർന്ന നിയമനത്തെ മന്ത്രി സണ്ണി ജോസഫ് പരമാവധി ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. മന്ത്രി കെ. മുരളീധരൻ മാത്രമാണ് പരസ്യമായി ന്യായീകരിക്കാൻ ശ്രമിച്ചത്.
പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തിരിക്കേ, സർക്കാരിന് മാതൃകകാട്ടേണ്ട സണ്ണി ജോസഫ് സ്വയം തിരുത്തണമെന്ന നിലപാടാണ് പാർട്ടി നേതാക്കൾ സ്വീകരിച്ചത്.
ശനിയാഴ്ച ഇന്ദിരാഭ വനിൽ ചേർന്ന വിശാല നേതൃ യോഗത്തിൽ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം.ഹസ്സൻ നിയമനത്തെ ശക്തമായി വിമർശിച്ചു. ബെന്നിയുടെ നിയമനത്തിലൂടെ തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സർക്കാരിനെ അധികാരത്തിലേറ്റാൻ സഹായിച്ച മാദ്ധ്യമങ്ങൾ തന്നെ ഇത് വലിയ വിവാദമാക്കുമെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി
ബന്ധുവെന്ന നിലയ്ക്കല്ല, പൊതുപ്രവർത്തന പരിചയം കണക്കിലെടുത്താണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതെന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. രണ്ടു തവണ പഞ്ചായത്ത് പ്രസിഡന്റും നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ തന്റെ ചീഫ് ഏജന്റുമായിരുന്നു ബെന്നിയെന്നും അദ്ദേഹം പറഞ്ഞു. പിണറായി മന്ത്രിസഭയിൽ മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിയാക്കിയപ്പോൾ തങ്ങളാരും ഒരാക്ഷേപവും പറഞ്ഞില്ലെന്ന് കെ.മുരളീധരനും പറഞ്ഞു. ഇന്നലെ രാവിലെയും സണ്ണിജോസഫ് നിയമനത്തെ ന്യായീകരിച്ച് രംഗത്തെത്തി. മുഖ്യമന്ത്രി ഉൾപ്പെടെ മറ്റു നേതാക്കളിൽ നിന്ന് അനുകൂല പ്രതികരണമില്ലെന്ന് കണ്ടതോടെ പാർട്ടിയിൽ ഒറ്റപ്പെടുമെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് രാജിവയ്ക്കാൻ അളിയന് നിർദേശം കൊടുത്തത്.
എൽ.ഡി.എഫ് ഭരണ കാലത്ത് ബന്ധു നിയമനത്തിനെതിരെ യു.ഡി.എഫ് നിയമസഭയിൽ അടക്കം പ്രതിഷേധിച്ചിരുന്നു.അതിനാൽ മറിച്ചൊരു നിലപാട് സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല എന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |