SignIn
Kerala Kaumudi Online
Saturday, 13 June 2026 2.14 AM IST

23 ദു​രൂ​ഹ​ ​മ​ര​ണം; നേ​ര​റി​യ​ണം, കൊല്ലങ്കോട് പെൺകുട്ടിയുടെ മരണം സിബിഐക്ക് വിട്ടു

READ ENGLISH VERSION
a

കൊച്ചി: പാലക്കാട് ജില്ലയിലെ അതിർത്തി മേഖലകളിൽ 13 വർഷത്തിനിടെ ദുരൂഹസാഹചര്യത്തിൽ മരിച്ചത് 23 കുട്ടികൾ. ഇവരിൽ ഏറെയും പെൺകുട്ടികളാണ്. ലൈംഗികാതിക്രമത്തിനടക്കം ഇരയായവർ. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുകിട്ടിയില്ല. ഇവയിൽ 2010ൽ കൊല്ലങ്കോട്ടെ 11കാരിയുടെ തൂങ്ങിമരണ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി, മറ്റുകേസുകളിലും അന്വേഷണ സന്നദ്ധതാ റിപ്പോർട്ട് തേടി. ഓഗസ്റ്റ് ആറിന് മറുപടി സമർപ്പിക്കണം.

ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 11കാരിയുടെ കേസ് സി.ബി.ഐ അന്വേഷിക്കാൻ ഉത്തരവായത്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാളയാർ നീതി സമരസമിതി നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് സൗമെൻസെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.

വാളയാർ, കസബ, കൊല്ലങ്കോട്, പട്ടാമ്പി, ശ്രീകൃഷ്ണപുരം, കോങ്ങാട്, ഒറ്റപ്പാലം, ഷോളയൂർ, അഗളി, ചിറ്റൂർ, കല്ലടിക്കോട്, ഹേമാംബിക നഗർ, കോട്ടായി സ്റ്റേഷൻ പരിധികളിലാണ് കുട്ടികളുടെ ദുരൂഹമരണം.

പാലക്കാട് ജില്ലാ മേധാവിയിൽനിന്ന് സി.ബി.ഐക്ക് കേസുകളുടെ വിശദാംശം തേടാം. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാമാസവും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിട്ടി (കെൽസ) ചെയർമാന് നൽകണം. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ ബി.ജി.ഹരീന്ദ്രനാഥ് ഹാജരായി.

സർക്കാരിനും നിർദ്ദേശങ്ങൾ

അവകാശങ്ങളും ശിശുസംരക്ഷണ നിയമങ്ങളും സംബന്ധിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ബോധവത്കരണം നടത്തണം
സ്‌കൂളുകൾ, ആദിവാസി മേഖലകൾ, മറ്റ് പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ലഹരിവിരുദ്ധ-സൈബർ സുരക്ഷാ ക്യാമ്പയിനുകൾ നടത്തണം

ശിശുക്ഷേമ സമിതി, പൊലീസ്, വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പുകൾ, ബാലാവകാശ കമ്മിഷൻ എന്നിവയുടെ ഏകോപനം ഉണ്ടാകണം

ചൂഷണത്തിനിരയായ കുട്ടികളെ കണ്ടെത്തി നിയമസഹായവും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും ലഭ്യമാക്കണം

ഇതിനായി പാരാലീഗൽ വോളന്റിയർമാരുടെയും അഭിഭാഷകരുടെയും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം
 തദ്ദേശസ്ഥാപനം, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയെ കോർത്തിണക്കി പ്രാദേശികമായി ചൈൽഡ് പ്രൊട്ടക്ഷൻ സമിതി വേണം

ക്രൈംബ്രാഞ്ച്
പൂട്ടിക്കെട്ടിയ കേസ്

കൊല്ലങ്കോട്ട് 11 വയസുകാരിയുടെ മരണം പത്തു വർഷത്തിലധികം അന്വേഷിച്ചിട്ടും കൊലപാതകമെന്ന് തെളിയിക്കാനാകാതെ ക്രൈംബ്രാഞ്ച് 'അൺ ഡിറ്റക്ടഡ്' എന്ന ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ച കേസാണ്. 2010 ജനുവരി 18ന് ഉച്ചയ്ക്ക് 2.30ന് പെൺകുട്ടിയെ പല്ലശന ഒഴിവുപാറയിലെ അമ്മവീട്ടിലെ കിടപ്പുമുറിയിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ലോക്കൽ പൊലീസും സി.ബി സി.ഐ.ഡിയും ക്രൈംബ്രാഞ്ചും അന്വേഷിച്ചു. കുട്ടി മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജനനേന്ദ്രിയത്തിൽ മുറിവുകളും ചതവുകളും. സ്വകാര്യഭാഗത്ത് ബീജത്തിന്റെ സാന്നിദ്ധ്യവും കണ്ടെത്തി. സംഭവത്തിന് ആറു മാസങ്ങൾക്കുശേഷം കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. പിന്നീട് അച്ഛനും മരണപ്പെട്ടു. 370 സാക്ഷികളാണുണ്ടായിരുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരെ ശാസ്ത്രീയ പരിശോധനകൾക്കുൾപ്പെടെ വിധേയമാക്കി. പക്ഷേ, കുട്ടിയുടെ മരണത്തിന് കാരണക്കാരയവരെ കണ്ടെത്താനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA