
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസിനുവേണ്ടി ഹാജരായ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനാക്കിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. രാജിവച്ചതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ചുമതലയിലുണ്ടായിരുന്ന മണിക്കൂറുകളിൽ ഏതൊക്കെ പേപ്പറുകൾ അദ്ദേഹത്തിന്റെ കൈയ്യിൽ ലഭിച്ചുവെന്നതിനെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും എ.കെ.ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണക്കൊള്ളയിലെ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. അഭിഭാഷക നിയമനത്തിൽ അനാവശ്യ ധൃതിയുണ്ടായി. കേസിൽ ചോദ്യം ചെയ്ത വ്യക്തിയെ ഇടനിലക്കാരനാക്കി മുഖ്യമന്ത്രി നടത്തിയ ചർച്ച എന്താണെന്ന് വെളിപ്പെടുത്തണം. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുൻ ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിവില്ല. ആത്മകഥ എഴുതുന്നതിൽ പുതുമയില്ല.
നിപ പ്രതിരോധത്തിൽ സർക്കാരിന് പാളിച്ചയുണ്ടായി. ആരോഗ്യ മന്ത്രിയും വകുപ്പും ജില്ലാഭരണകൂടവും തമ്മിൽ ഏകോപനമില്ല. കോളറ സ്ഥിരീകരിച്ചെന്ന് മന്ത്രിയും ഇല്ലെന്ന് ഡി.എം.ഒയും പറയുന്നത് ജനത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. മരുന്നുകൾ ലഭ്യമാക്കുന്നതിലടക്കം സർക്കാർ അടിയന്തരമായി ഇടപെടണം. ആരുഭരിക്കുന്നു എന്നു നോക്കിയല്ല രോഗവ്യാപനവും വൈറസ് വ്യാപനവും ഉണ്ടാകുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം ആരോഗ്യമന്ത്രിക്ക് ഒരുമാസത്തിനകം ഉണ്ടായിട്ടുണ്ടാകും. വന്യജീവി ആക്രമണം തടയുന്നതിലും സർക്കാർ പരാജയപ്പെട്ടു.
സർക്കാർ സംഘപരിവാറിന് കീഴടങ്ങി
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണം തടയാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം പിന്നിൽ നിന്നുകുത്തി. കേരളത്തിലെ മൂന്ന് വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഒരുമാസത്തിനകം സംസ്ഥാന സർക്കാർ സംഘപരിവാറിന് കീഴടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സി.പി.ഐ വകുപ്പുകളിൽ അവതാരങ്ങൾ
വന്നോയെന്ന് ആദ്യം അന്വേഷിക്കണം
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ അവതാരങ്ങൾ ചുറ്റിപ്പറ്റി നടന്നിരുന്നോയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫ് ഭരണത്തിൽ അവതാരങ്ങൾ വന്നോയെന്നത് പരിശോധിക്കണമെന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ പ്രശ്നമില്ല. മകൾക്കെതിരായ ഇ.ഡി അന്വേഷണത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു. മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര എന്നാണ് യു.ഡി.എഫ് നൽകിയ വാഗ്ദാനം. ഓർഡിനറി ബസ് എന്ന് പറഞ്ഞിരുന്നില്ല. സ്ത്രീകൾക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങളേയും എൽ.ഡി.എഫ് അനുകൂലിക്കുന്നു. മുഖ്യമന്ത്രി കന്റോൺമെന്റ് ഹൗസ് ഒഴിയാത്തതിനാലാണ് എ.കെ.ജി സെന്ററിൽ വാർത്താസമ്മേളനം നടത്തിയത്. ക്ലിഫ് ഹൗസിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ടെന്ന് തന്നെയാണ് തന്റെ അഭിപ്രായം.
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ തെറ്റില്ല. ഇതു തെറ്റായി തിരഞ്ഞെടുപ്പ് അവലോകനത്തിൽ പാർട്ടി കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ അതിന്റെ ഗൗരവത്തിന് അനുസരിച്ചായില്ലെന്ന് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നുവെന്നും പിണറായി പറഞ്ഞു.
ഇനി കണ്ണട വേണ്ട
വർഷങ്ങളായി ഉപയോഗിച്ചിരുന്ന കണ്ണട ഇല്ലാതെയാണ് പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിനെത്തിയത്. താൻ തിമിരചികിത്സ നടത്തിയിരുന്നു. അതിനുശേഷം വായിക്കാൻ കണ്ണടയുടെ ആവശ്യമില്ലാതെയായി. ഇനി കണ്ണട ഉപയോഗിക്കേണ്ടെന്ന് ഡോക്ടറും പറഞ്ഞു. അങ്ങനെ കണ്ണട ഉപയോഗിക്കാതിരിക്കുകയാണ്. പക്ഷേ കണ്ണട ഉപയോഗിക്കണമെന്ന് പലരും പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |