തൃശൂർ: വ്യാഴാഴ്ച രാത്രിയിൽ പാലക്കാട്ട് നിന്ന് തൃശൂരിലേക്ക് വരുന്ന പാതയിൽ കുതിരാൻ തുരങ്കം കഴിഞ്ഞുള്ള മലമ്പ്രദേശത്ത് രണ്ടിടത്ത് മണ്ണിടിഞ്ഞത് ആശങ്ക ഉയർത്തുന്നു. ടണലിന് അപകടമില്ലെന്ന് സിവിൽ എൻജിനിയർമാർ റിപ്പോർട്ട് നൽകിയെങ്കിലും നിരന്തരം ഭൂചലനം ഉണ്ടാകുന്ന പീച്ചി വനമേഖലയിലാണ് കുതിരാൻ തുരങ്കമെന്നതാണ് ആശങ്കയ്ക്ക് കാരണം. തുരങ്കം കടന്നുപോകുന്ന മലയ്ക്ക് മുകളിൽ നീരൊഴുക്ക് രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മലകയറി പരിശോധിച്ചതിൽ ഒന്നും കണ്ടെത്താനായിട്ടില്ല. മലഞ്ചെരുവിലെ അയഞ്ഞ മണ്ണും പാറയുടെ ഘടന പഠിക്കാൻ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ ജിയോ ടെക്‌നിക്കൽ പ്രൊഫസറുടെയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ശാസ്ത്രജ്ഞരുടെയും സഹായം തേടാനിരിക്കുകയാണ് എൻ.എച്ച്.എ അതേസമയം, രണ്ടാഴ്ചയ്ക്കിടെ നാലുതവണയാണ് സീസ്‌മോഗ്രഫിൽ 2.6 ഡിഗ്രിയോളമുള്ള ഭൂചലനം പീച്ചിയിൽ അനുഭവപ്പെട്ടത്. പീച്ചി വനമേഖലയ്ക്ക് ചേർന്നുകിടക്കുന്ന പാണഞ്ചേരി പഞ്ചായത്തിലെ 40ഓളം വീടുകൾക്ക് വിള്ളലുണ്ടായി.
അപകടസാദ്ധ്യത കണ്ടെത്തിയാൽ തുരങ്കപാത അടച്ച് പഴയ കുതിരാൻ റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടും. മന്ത്രി ഒ.ജെ.ജനീഷ്,മുൻ റവന്യു മന്ത്രി കെ.രാജൻ എം.എൽ.എ,കളക്ടർ ശിഖ സുരേന്ദ്രൻ,സിറ്റി പൊലീസ് കമ്മിഷണർ നകുൽ ആർ.ദേശ്മുഖ് തുടങ്ങിയവർ ഇന്നലെ രാവിലെ കുതിരാൻ സന്ദർശിച്ചിരുന്നു.
നിത്യേന 20,000 വാഹനങ്ങൾ
20,000ത്തോളം വാഹനങ്ങളാണ് തുരങ്കത്തിലൂടെ നിത്യേവും കടന്നുപോകുന്നത്. പന്നിയങ്കര ടോൾ പിന്നിട്ടുപോകുന്ന വാഹനങ്ങളുടെ കണക്കാണിത്. റോഡിന്റെയും തുരങ്കത്തിന്റെയും അറ്റകുറ്റപ്പണി ഉൾപ്പെടെ നിരന്തരം കരാർ കമ്പനി പരിശോധിക്കുന്നുണ്ടെന്നാണ് ദേശീയപാത അതോറിട്ടി പറയുന്നത്.
തുരങ്കംവഴി പോകുന്നത്
കാറുകൾ, ചെറുവാഹനങ്ങൾ: 15,000 - 16,000.
ചെറുഭാര വാഹനങ്ങൾ (എൽ.എം.വി): 1000 - 1200.
ബസുകൾ: 900 - 1000.
ലോറികൾ, ട്രക്കുകൾ: 2000 - 2500.
3, 4, 5 ആക്‌സിൽ വാഹനങ്ങൾ: 1500 - 2000.
നിർമ്മാണത്തിലും....
2009ൽ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കൺസ്ട്രക്ഷൻസാണ് മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാത നിർമ്മാണക്കരാർ ഏറ്റെടുത്തത്. സാങ്കേതിക വൈദഗ്ദ്ധ്യം ഇല്ലാത്തതിനാൽ പ്രഗതി എൻജിനിയറിംഗ് കമ്പനിക്ക് തുരങ്ക നിർമ്മാണത്തിന്റെ ഉപകരാർ നൽകി. സാമ്പത്തിക തർക്കം മൂലം പ്രഗതി പിൻമാറിയപ്പോൾ കെ.എം.സിയുടെ ഉപകമ്പനിയായ തൃശൂർ എക്‌സ്‌പ്രസ് വേ ലിമിറ്റഡ് നിർമ്മാണം പൂർത്തിയാക്കി. ഉപകമ്പനിക്ക് സാങ്കേതിക വൈദഗ്ദ്ധ്യമുണ്ടോയെന്ന ആശങ്ക ഉടലെടുത്തിരുന്നു. പണി പൂർത്തിയാക്കാനുള്ള തിടുക്കത്തിൽ ഇക്കാര്യം ശ്രദ്ധിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |