
തിരുവനന്തപുരം: മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ ദശലക്ഷക്കണക്കിനാളുകൾക്കും ഭാവിയിൽ വിഴിഞ്ഞം തുറമുഖത്തിനും ഗുണകരമാവുന്ന ശബരി റെയിൽപ്പാതയ്ക്കായി റെയിൽവേ-റിസർവ്ബാങ്ക്-കേരളം ത്രികക്ഷി കരാറൊപ്പിടാൻ വീണ്ടും സംസ്ഥാനത്തോട് ആവശ്യപ്പെട്ട് റെയിൽവേ. ഇതുസംബന്ധിച്ച് ദക്ഷിണറെയിൽവേ നിർമ്മാണവിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജിസഖറിയ സർക്കാരിന് കത്തു നൽകി. പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം നൽകാമെന്ന ഉറപ്പിനാണ് കരാറൊപ്പിടേണ്ടത്. ഉപാധികളില്ലാതെ സമ്മതം അറിയിക്കണമെന്നാണ് ആവശ്യം.
പദ്ധതിചെലവായ 3800.94 കോടിയിൽ 1900.47കോടിയാണ് കേരളം മുടക്കേണ്ടത്. ഗഡുക്കളായി റെയിൽവേയ്ക്ക് പണംനൽകിയാൽ മതി. സംസ്ഥാനം സമയത്ത് പണം നൽകിയില്ലെങ്കിൽ വിവിധ സ്കീമുകളിലൂടെ കേന്ദ്രസർക്കാർ കേരളത്തിന് നൽകുന്ന വിഹിതത്തിൽ തുക കുറവുചെയ്ത് റിസർവ്ബാങ്ക് റെയിൽവേയ്ക്ക് നൽകും. അതിനാൽ കരാറൊപ്പിടേണ്ടെന്നും കിഫ്ബിയിൽ നിന്ന് തുക നൽകിയാൽ അത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നൊഴിവാക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യം രേഖാമൂലം കേന്ദ്രത്തെ അറിയിച്ചതിന് പിന്നാലെയാണ് റെയിൽവേ വീണ്ടും കത്തുനൽകിയത്. കരാറിന്റെ മാതൃക നവംബറിൽ റെയിൽവേ കൈമാറിയിരുന്നു.
കേരളം, റെയിൽവേ
വ്യത്യസ്ത നിലപാടുകൾ
1.സർക്കാർ: അങ്കമാലി-എരുമേലി-നിലയ്ക്കൽ ഒറ്റലൈൻ രണ്ടുഘട്ടമായി നടപ്പാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കും. ഭാവിയിൽ ഇരട്ടപ്പാതയാക്കാം
റെയിൽവേ:നിലവിൽ ഇത് 111കി.മീറ്റർ പാതയാണ്. പമ്പവരെ നീട്ടി ഇരട്ടപ്പാതയാക്കണം. പകുതിച്ചെലവ് സംസ്ഥാനം നൽകണം
2.സർക്കാർ: ശബരി പദ്ധതി മരവിപ്പിച്ച 2019സെപ്തംബർ 26ലെ ഉത്തരവ് റെയിൽവേ റദ്ദാക്കിയില്ല. ഭൂമിയേറ്റെടുക്കലടക്കം ഉടൻ തുടങ്ങണം
റെയിൽവേ:ത്രികക്ഷി കരാറുണ്ടാക്കാതെ ഉത്തരവ് പിൻവലിക്കില്ല. ഇതില്ലാതെ ഭൂമിയേറ്റെടുക്കൽ തുടങ്ങില്ല
''കേരളത്തിന്റെ നിലപാടിൽ ഒരു വ്യത്യാസവുമില്ല. സംസ്ഥാനവിഹിതം വായ്പാപരിധിയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ
-മന്ത്രി അബ്ദുറഹിമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |