പത്തനംതിട്ട : മകരജ്യോതി ദർശനവുമായി ബന്ധപ്പെട്ട അനിയന്ത്രിത തിരക്ക് ഒഴിവാക്കാൻ സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. .
14നാണ് മകരവിളക്ക്. 10 മുതൽ ഭക്തർ ജ്യോതി കാണാനായി പൂങ്കാവനത്തിൽ പർണശാലകൾ കെട്ടി കാത്തിരിക്കാറുണ്ട്. ഇതുകാരണം മകരവിളക്ക് ദിവസത്തെ തിരക്ക് ഒഴിവാക്കാനാണ് സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാൻ ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാൽ നിലയ്ക്കലിൽ പരിശോധന നടത്തി ഭക്തരെ പമ്പയിലേക്ക് കടത്തിവിടാനാണ് പൊലീസ് ആലോചിക്കുന്നത്. 14 ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടു.
ദർശനത്തിന് എത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണമെന്നത് നിർബന്ധമാണ്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തെത്തുന്ന തീർത്ഥാടകർ കൃത്യമായി ദർശനത്തിനെത്താതെ നേരത്തെയോ അടുത്ത ദിവസങ്ങളിലോ വരുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കി വെർച്വൽ ക്യൂ സ്ലോട്ടിൽ രേഖപ്പെടുത്തിയിട്ടുളള സമയക്രമം പാലിച്ചെത്തിയാൽ അനാവശ്യ തിരക്ക് ഒഴിവാക്കി സുഗമമായ ദർശനം സാദ്ധ്യമാക്കാൻ കഴിയും.
അതേസമയം സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തണമെന്ന ആവശ്യം പൊലീസ് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു. സ്പോട്ട് ബുക്കിംഗ് പൂർണമായി നിറുത്തില്ല. കോടതിയുടെ നിർദ്ദേശപ്രകാരം തിരക്കുള്ള ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |