SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

ശബരിമല മാസ്റ്റർപ്ലാൻ : പാലവും റോപ് വേയും ത്രിശങ്കുവിൽ

p

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിലെ പ്രധാനപ്പെട്ട പദ്ധതികൾക്ക് വനഭൂമി വിട്ടുനൽകാതെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം. വനഭൂമിക്ക് പകരമായി റവന്യൂ ഭൂമി രണ്ടു വർഷം മുമ്പ് കൈമാറി സംസ്ഥാനം ഉത്തരവിറക്കിയെങ്കിലും വനഭൂമി നൽകാൻ തീരുമാനമായില്ല.

പമ്പ ഗണപതി ക്ഷേത്രം മുതൽ ഹിൽടോപ്പ് വരെയുള്ള സുരക്ഷാപാലം, റോപ് വേ പദ്ധതികളാണ് സ്തംഭനത്തിലായത്.

പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പൊലീസ് ബാരക്ക് വരെ റോപ് വേ നിർമ്മാണത്തിനായി 4.53 ഹെക്ടർ വനഭൂമി നൽകണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പകരം കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ 4.5336 ഹെക്ടർ റവന്യു ഭൂമി പരിഹാര വനവത്കരണത്തിന് വനംവകുപ്പിന് കൈമാറി സർക്കാർ ഉത്തരവിറക്കി. എന്നാൽ റോപ് വേ നിർമ്മാണത്തിന് വനഭൂമി തരംമാറ്റാൻ അനുമതി ലഭിച്ചില്ല. അപേക്ഷ നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ പരിഗണനയിലാണ് എന്നാണ് വനം പരിസ്ഥിതി മന്ത്രാലയം പറയുന്നത്. സുരക്ഷാപാലത്തിന്റെ വിവരങ്ങൾ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തപ്പോൾ വനം പരിസ്ഥിതി മന്ത്രാലയം തടസം ഉന്നയിച്ചു. ശബരിമല മാസ്റ്റർപ്ലാനിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.

പമ്പയിൽ 2018ലുണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാപാലം നിർമ്മിക്കാൻ തീരുമാനമെടുത്തതെന്നും 2025 ജനുവരി ഒൻപതിന് അംഗീകരിച്ച പമ്പ ലേ ഔട്ട് പ്ലാനിൽ സുരക്ഷാ പാലം ഉൾപ്പെട്ടിട്ടുണ്ടെന്നും സർക്കാർ മറുപടി നൽകി. എന്നിട്ടും വനഭൂമി നൽകുന്നതിൽ നടപടിയുണ്ടായില്ല.

2011ൽ പ്രഖ്യാപിച്ച നിർമ്മാണ പദ്ധതിയിൽ മണ്ണു പരിശോധനയ്ക്കുള്ള അനുമതി മാത്രമാണ് ഇതുവരെ ലഭിച്ചത്.

നിലയ്ക്കലിൽ നിന്നു തുടങ്ങാൻ

കരാർ കമ്പനിയുടെ നീക്കം

# കരാർ ഏറ്റെടുത്ത ദാമോർവാലി കോർപ്പറേഷൻ മാസ്റ്റർപ്ലാൻ വിപുലീകരിച്ച് റോപ് വേ നിർമ്മാണം നിലയ്ക്കലിൽ നിന്നു തുടങ്ങാനു്ള്ള സാദ്ധ്യത ആരായുന്നുണ്ട്. ഇതിനായി ശബരിമല ഉന്നതാധികാര സമിതിയെ സമീപിക്കാനാണ് നീക്കം. പമ്പയിൽ നിന്നു ബി.ഒ.ടി അടിസ്ഥാനത്തിൽ ചരക്കു നീക്കത്തിനായാണ് റോപ് വേ. . പുതിയ നീക്കത്തിലൂടെ കമ്പനി തീർത്ഥാടകരെയും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന.

# തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇതിനോട് യോജിപ്പില്ല.മാസ്റ്റർപ്ലാൻ കമ്മിറ്റിയിൽ കമ്പനിയുടെ നീക്കത്തെ എതിർക്കാനാണ് തീരുമാനം. മാത്രമല്ല കൂടുതൽ വനഭൂമി വിട്ടുകിട്ടുകയും കൂടുതൽ റവന്യൂ ഭൂമി വിട്ടുകൊടുക്കുകയും വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA