SignIn
Kerala Kaumudi Online
Monday, 15 June 2026 4.11 AM IST

ശബരിമല സ്വർണക്കൊള്ള: ശ്രീകോവിൽ പ്ര​ഭാ​മ​ണ്ഡ​ലം ഇ​ള​ക്കി​ ​പ​രി​ശോ​ധന, എസ്.ഐ.ടി സംഘം സന്നിധാനത്ത്

sabarimala

ശബരിമല: സ്വർണക്കൊള്ളക്കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയും അതിനു മുകളിലുള്ള പ്രഭാമണ്ഡലവും ഇളക്കി പരിശോധിച്ചു. ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വർണം പതിപ്പിച്ച ആർച്ച് രൂപത്തിലുള്ള മംഗല്യപ്പലകയാണ് പ്രഭാമണ്ഡലം. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ

ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു ഇവ ഇന്നലെ ഇളക്കിയെടുത്തത്.

ആദ്യമായാണ് പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കുന്നത്. ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനും ഭംഗി ക്കും വേണ്ടിയാണ് ഇതുവയ്ക്കുന്നത്. തടിയിലും ലോഹത്തിലും നിർമ്മിക്കാറുണ്ട്. ശബരിമലയിൽ ചെമ്പ് പാളിയിൽ സ്വർണം പൊതിഞ്ഞാണ് പ്രഭാമണ്ഡലം സ്ഥാപിച്ചിരിക്കുന്നത്. കട്ടിളപ്പാളി നേരത്തെ പരിശോധിച്ചിരുന്നെങ്കിലും വീണ്ടും ഇളക്കി തൂക്കമടക്കം നോക്കുകയായിരുന്നു. ശ്രീകോവിൽ വാതിലിന്റെ വടക്കുഭാഗത്തെ കട്ടിളപ്പാളിയാണ് പരിശോധനയ്ക്കായി ഇന്നലെ ഇളക്കിയെടുത്തത്.

സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് സമീപത്തെ മുറിയിലെത്തിച്ച് ഇവയുടെ തൂക്കവും മാറ്റും എസ്.ഐ.ടി പരിശോധിച്ചു. മിഥുന മാസ പൂജയ്ക്ക് നട തുറന്നതോടെയാണ് ഇവയുടെ പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് എസ്.ഐ.ടി സംഘം സന്നിധാനത്ത് എത്തിയെങ്കിലും ദേവസ്വം തിരുവാഭരണ കമ്മിഷണർ ആർ.റെജിലാൽ എത്താൻ വൈകിയതിനാൽ 6.15നാണ് പ്രഭാമണ്ഡലം ഇളക്കിയെടുത്തത്. എസ്.ഐ.ടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ച വിദഗ്ദ്ധനും ചേർന്നാണ് പരിശോധന നടത്തിയത്.

സ്വർണക്കൊള്ള കേസിൽ 12 പ്രതികളാണുള്ളത്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ എല്ലാവരും സ്വാഭാവിക ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു. കേസിലെ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മരിച്ചു.

കുറ്റപത്രം തയ്യാറാക്കുന്നു

സന്നിധാനത്തെ മറ്റു സ്വർണഭാഗങ്ങളുടെ പരിശോധന നേരത്തെ പൂർത്തിയായിരുന്നു. പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കാൻ മുൻപ് ശ്രമിച്ചിരുന്നെങ്കിലും തിരികെ ഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടുമൂലം അന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ നവംബർ മുതൽ പലതവണയായി എസ്.ഐ.ടി സന്നിധാനത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ജംഷഡ്‌പുർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി, വിക്രം സാരാഭായ് സ്പേസ് സെന്റർ എന്നിവിടങ്ങളിലെ ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം എസ്.ഐ.ടി തയ്യാറാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA