
കൊച്ചി: ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ചിങ്ങമാസ പൂജ മുതൽ നടപ്പാക്കും. തീരുമാനം ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് അംഗീകരിച്ചു. ഇതോടെ ദേവസ്വം ഉദ്യോഗസ്ഥർ കരാറുകാർക്ക് സമാനമായി സാധനങ്ങൾ എത്തിക്കുന്ന തെറ്റായ രീതി അവസാനിക്കുമെന്ന് കോടതി വിലയിരുത്തി.
അഷ്ടാഭിഷേകത്തിനുള്ള പാലും പനിനീരും കരിക്കും ബില്ലോ വൗച്ചറോ ഇല്ലാതെ അഡ്മിനിസ്ടേറ്റീവ് ഓഫീസർ നേരിട്ടു വാങ്ങുന്നതിലും പൂജാ സാമഗ്രികൾക്ക് സുനിൽ സ്വാമി എന്ന സ്പോൺസറെ ആശ്രയിക്കുന്നതിലും കോടതി നേരത്തേ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പർച്ചേസ് രീതിയെ ന്യായീകരിച്ച് ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളുകയും ചെയ്തിരുന്നു.
സെൻട്രൽ സ്റ്റോറിലെ മുഴുവൻ ഇടപാടുകളും ഡിജിറ്റലൈസ് ചെയ്യും. സ്പോൺസർമാർ നൽകുന്ന സാധനങ്ങളും സെൻട്രൽ സ്റ്റോർ വഴിയാകും സ്വീകരിക്കുക. ഇതിന് രസീത് നൽകും. സാധനങ്ങൾ സന്നിധാനത്തെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമേ ഉപയോഗിക്കൂ.
മറ്റു ക്ഷേത്രങ്ങളിലും
നിറുത്തലാക്കണം
സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തന്നെ സപ്ലയറായി പ്രവർത്തിക്കുന്ന രീതി നിറുത്തലാക്കിയതിനെ ഹൈക്കോടതി പ്രശംസിച്ചു. ബോർഡ് ഉദ്യോഗസ്ഥർ തന്നെ കരാറുകാരാകുന്നത് ഉചിതമല്ല. ഇത്തരം അശുദ്ധമായ നടപടികൾ സുതാര്യതയ്‌ക്ക് വിരുദ്ധമാണ്. ഇത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യാൻ കാരണമാകും. ബോർഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും സമാനമായ രീതികൾ നിലവിലുണ്ടെങ്കിൽ ഘട്ടങ്ങളായി നിറുത്തലാക്കണമെന്നും സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |