
തിരുവനന്തപുരം: ശബരിമലയിലെ കടമുറികളുടെ ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയെന്നു സംശയിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുത്തു. ദേവസ്വം കമ്മിഷണർ ഓഫീസിലെ ശബരിമല വിഭാഗം ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.ശബരിമല എക്സിക്യുട്ടീവ് ഓഫീസിലുള്ള ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഉദ്യോഗസ്ഥർ വിവരം ചോർത്തി നൽകിയ രണ്ട് കരാറുകാരെ വിജിലൻസ് കണ്ടെത്തി. ഇവരിൽ നിന്ന് വിവരം ശേഖരിച്ചു.
നാളെ ദേവസ്വം ബോർഡ് പ്രസിഡന്റിന് റിപ്പോർട്ട് നൽകും. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേവസ്വം ബോർഡ് ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയിരുന്നു.
നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് എസ്.പി വി.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് മൊഴിയെടുപ്പ്. രണ്ട് ഉദ്യോഗസ്ഥർ രാവിലെയും ഒരാൾ ഉച്ചയ്ക്ക് ശേഷവുമാണ് മൊഴി നൽകാൻ എത്തിയത്. മൊഴി പരിശോധിച്ചശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കും.
കടകളുടെ ലേലത്തിന്
റീടെൻഡർ വിളിച്ചു
ശബരിമലയിലെ കടമുറികൾ ഇ-ലേലം ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് റീ ടെൻഡർ ക്ഷണിച്ചു. സന്നിധാനത്തെ110 കടമുറികൾക്കാണിത്. ടെൻഡർ വിവരം ചോർന്നതിന് പിന്നാലെ രണ്ട് ഘട്ടമായുള്ള ടെൻഡർ റദ്ദാക്കിയിരുന്നു. ഒക്‌ടോബർ 5 വരെ ടെൻഡറിൽ പങ്കെടുക്കാം. ഇതിനുശേഷം ഇ-ലേലം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |