
തിരുവനന്തപുരം: ശബരിമലയിൽ ആക്രി ലേലത്തിൽ പോലും നടന്നുവന്നത് വൻ തട്ടിപ്പ്. ദേവസ്വം ജീവനക്കാരും കരാറുകാരും തമ്മിലാണ് ഒത്തുകളി. ലക്ഷക്കണക്കിന് രൂപയുടെ കൊള്ളയ്ക്ക് തടയിടാൻ ഒടുവിൽ തീരുമാനമായി. ഇനി മുതൽ ക്ലീൻ കേരള കമ്പനിയാകും ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന് ആക്രി ശേഖരിക്കുക.
വിറ്റുകിട്ടുന്ന തുകയുടെ 70 ശതമാനം ബോർഡിനും 30 ശതമാനം ക്ലീൻ കേരളയ്ക്കുമാണ്. സർക്കാർ ഉത്തരവ് ഇന്നലെ ഇറങ്ങി. ആക്രി ലേലത്തിൽ നിന്ന് സ്വകാര്യ കരാറകുകാരെ പൂർണമായി ഒഴിവാക്കിയെന്ന് ഉത്തരവിൽ പറയുന്നു.
ഇരുമ്പ് ആക്രിയിൽ മാത്രം ശരാശരി 50 ലക്ഷം രൂപയുടെ ലേലമാണ് പ്രതിവർഷം നടന്നിരുന്നത്. ബോർഡിലെ എൻജിനിയറിംഗ് വിഭാഗം ഇ- ടെണ്ടർ വിളിക്കാതെ ക്വട്ടേഷൻ വിളിച്ച് ലേലം നടത്തും. സ്ഥിരം കരാറുകാരാണ് ലേലം പിടിക്കുന്നത്. വളരെക്കുറഞ്ഞ തുകയാവും ക്വോട്ട് ചെയ്യുക. ലക്ഷങ്ങളുടെ ലാഭത്തിന്റെ വിഹിതം ജീവനക്കാർക്കും കിട്ടും.
ഈ വർഷം പമ്പയിൽ മാത്രം 50,000 കിലോയുടെ ആക്രി സാധനങ്ങൾ ലേലത്തിൽ നൽകി. ബോർഡ് ഭരണസമിതിക്ക് ക്രമക്കേട് ബോദ്ധ്യപ്പെട്ടതോടെ ക്ലീൻ കേരള കമ്പനിക്ക് കരാർ നൽകാൻ തീരുമാനിക്കുകയായിരുന്നു. ധാരണാപത്രവും ഒപ്പിട്ടു.
കലികയറി തടഞ്ഞു
ലോഡ് ഇറക്കിച്ചു
1 ഈമാസം 7ന് പമ്പയിൽ നിന്ന് ക്ലീൻ കേരള കമ്പനിയുടെ ലോറി ആക്രി സാധനങ്ങളുടെ ആദ്യ ലോഡ് നിറച്ചപ്പോൾ ദേവസ്വം മരാമത്ത് വിഭാഗം എതിർത്തു. ഗ്രീൻ കേരളയെ ഏല്പിച്ചതായി സർക്കാർ ഉത്തരവില്ലെന്നായിരുന്നു വാദം. ഇതോടെ ലോറിയിൽ കയറ്റിയ ആക്രി തിരിച്ചിറക്കി. ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിന്റെ ഉദ്ഘാടനച്ചടങ്ങും ഉപേക്ഷിച്ചു
2 പിന്നീട് മരാമത്ത് വിഭാഗം ആക്രി ലേലത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യമായി 26,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. 13 ലക്ഷമായിരുന്നു അടിസ്ഥാന വില. 26 ലക്ഷം രൂപയ്ക്ക് ഇന്നലെ ലേലം ഉറപ്പിച്ചു. നിലയ്ക്കലിൽ 15 ലക്ഷത്തിനാണ് കരാർ നൽകിയത്. ഇതോടെ ബോർഡ് സർക്കാരിനെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി അടിയന്തര ഉത്തരവിറക്കിക്കുകായയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |