SignIn
Kerala Kaumudi Online
Monday, 08 June 2026 3.14 AM IST

'വഴിപോക്കനി'ൽ നിന്ന് രാജ്യത്തെ മികച്ച നടനിലേക്ക്

s

കൊച്ചി: സിനിമാ ലൊക്കേഷനുകളിലെ പുറമ്പോക്കിൽ ചില പതിവുമുഖങ്ങൾ കാണാറുണ്ട്. സ്ക്രീനിൽ മിന്നിമറഞ്ഞുപോകുന്ന 'വഴിപോക്കരുടെ" റോളിലേക്ക് ഊഴംകാത്ത് നിൽക്കുന്നവർ. രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം നേടിയെടുത്ത സലിംകുമാറിനുമുണ്ടായിരുന്നു അത്തരമൊരു ഭൂതകാലം. മിമിക്രിയിലും മിനിസ്ക്രീനിലും പേരെടുത്ത ശേഷമാണ് സലിം സിനിമയിലെത്തിയത്.

തുടക്കത്തിൽ ചെറുവേഷങ്ങൾ. നാലോ അഞ്ചോ സിനിമകളിൽ അഭിനയിച്ചശേഷവും വീട്ടിലൊരു ഫോണുമില്ലായിരുന്നു. ചിറ്രാറ്റുകര മരണസഹായ സംഘത്തിന്റെ ഫോൺ നമ്പറായിരുന്നു കോൺടാക്റ്റിന് നൽകിയത്. സിബി മലയിലിന്റെ 'നീ വരുവോളം" സിനിമയിൽനിന്ന് പാതിവഴിയിൽ ഒഴിവാക്കിയതറിയാതെ വീട്ടിലേക്ക് മടങ്ങിയ അനുഭവം. ഒരു ബ്രേക്കിനുശേഷം തിരിച്ചെത്താനാണ് നിർദ്ദേശിച്ചിരുന്നത്. പ്രൊഡക്‌ഷൻ ടീം ടിക്കറ്റുമായി എത്തുമെന്ന് പ്രതീക്ഷിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ദിവസം. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ കൊടുത്ത 20രൂപകൊണ്ടാണ് അന്ന് വീടണഞ്ഞത്. കടംകൊടുത്ത അപരിചിതൻ സലിമിന്റെ അനുകരണകലയുടെ ആരാധകനായിരുന്നു. അഭിനയം പോരെന്നുപറഞ്ഞ് അന്ന് സിനിമയിൽനിന്ന് ഒഴിവാക്കിയതാണെന്ന് പിന്നീടാണ് അറി‌ഞ്ഞത്. ചില തെറ്റിദ്ധാരണകളും സംഭവിച്ചിരിക്കാം. 'സിനിമയ്ക്കുള്ളിലെ സിനിമ' അന്ന് അറിയില്ലായിരുന്നു. വർഷങ്ങൾക്കുശേഷം സിബി ജൂറി ചെയർമാനായിരുന്ന സമിതി സലിംകുമാറിനെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരത്തിന് തിരഞ്ഞെടുത്തത് വലിയ കടംവീട്ടലായി.

കോമഡിയിൽ ജഗതി,മാള,പപ്പു ത്രയത്തിന്റെ തേരോട്ടത്തിനുശേഷം വന്നെത്തിയ തലമുറയിലായിരുന്നു സുരാജ് വെഞ്ഞാറമൂടും സലിംകുമാറും ഹരിശ്രീ അശോകനുമെല്ലാം. ആ ട്രാക്കിൽനിന്ന് മാറി സലിമിനെ തേടിയെത്തിയ കാരക്ടർ റോളായിരുന്നു 'അച്ഛനുറങ്ങാത്ത വീടി"ലെ സാമുവൽ. 2006ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ഇതിലൂടെ ലഭിച്ചു. നല്ല വേഷങ്ങൾക്കായി എന്തു ത്യാഗവും ചെയ്യാൻ സലിംകുമാർ മടിച്ചില്ല. നിർമ്മാതാവിന്റെ പിന്മാറ്റത്തിൽ പ്രതിസന്ധിയിലായ 'അച്ഛനുറങ്ങാത്ത വീടി"നെ താങ്ങിനിറുത്തിയത് സലിമിന്റെ ഭാര്യയുടെ ആഭരണങ്ങൾ പണയംവച്ച തുകയാണ്.

നല്ല അവസരങ്ങൾ സാർത്ഥകമാക്കാനുള്ള സലിംകുമാറിന്റെ ത്യാഗത്തിൽ നിന്നാണ് 2011ലെ 'ആദാമിന്റെ മകൻ അബു" സിനിമയിലെ കേന്ദ്രകഥാപാത്രത്തിലെത്തിച്ചത്. കൊമേഴ്സ്യൽ മൂല്യമില്ലാത്ത സിനിമയുടെ വിതരണത്തിലും നടൻ പങ്കാളിയായി. ഭാര്യയ്ക്കൊപ്പം ഹജ്ജ് ചെയ്യണമെന്നത് അന്തിമാഭിലാഷമാക്കി പ്രേക്ഷകരെ കരിയിച്ച അബുവിലൂടെ സലിം നേടിയത് മികച്ച നടനുള്ള ദേശീയ അവാർഡ്. കരിയറിന്റെ പീക്കിൽ ആരോഗ്യപ്രശ്നങ്ങൾ കൂടെപ്പിറപ്പായപ്പോഴും സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളിൽ സലിമിന്റെ പ്രതികരണങ്ങളെല്ലാം കുറിക്കുകൊള്ളുന്നതായിരുന്നു. അവിടെയെല്ലാം വല്ലാത്ത ശൂന്യത അവശേഷിപ്പിച്ചാണ് സലിംകുമാർ വിടവാങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SALIM KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA