
തിരുവനന്തപുരം: സംസ്ഥാനത്തെ 9, 10 ക്ലാസ് വിദ്യാർത്ഥികൾക്ക് ഓണപരീക്ഷ കഴിയുമ്പോൾ, രണ്ടാം വോള്യം പാഠപുസ്തകം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. രണ്ടാം വോള്യം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായ സാഹചര്യത്തിലാണ് ഈ മാസം നൽകാൻ തീരുമാനിച്ചത്. ഓണപരീക്ഷയുടെ അവസാന ദിവസം പുസ്തകങ്ങൾ വിതരണം ചെയ്യും.
ഹൈസ്‌കൂൾ ക്ലാസുകൾക്ക് മുൻഗണന നൽകി പാഠപുസ്തക അച്ചടി പൂർത്തിയാക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. 9, 10 ക്ലാസുകളിലേക്കുള്ള 61 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി കെ.ബി.പി.എസിൽ പൂർത്തിയായി. ഇന്നു മുതൽ പുസ്തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തിക്കും. മഴക്കെടുതിയുള്ള ജില്ലകളെ ഒഴിവാക്കിയിട്ടുണ്ട്. പാഠപുസ്തകവിതരണം ചർച്ച ചെയ്യാനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടെക്സ്റ്റ് ബുക്ക് കോ-ഓർഡിനേഷൻ കമ്മിറ്റി ഇന്ന് ഉച്ചയ്ക്ക് 3ന് ചേരും. മറ്റു ക്ലാസുകളിലേക്കുള്ള രണ്ടാം വോള്യം പാഠപുസ്തങ്ങളുടെ അച്ചടി സെപ്റ്റംബർ 10നകം പൂർത്തിയാക്കും.
അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള പാഠപുസ്തക അച്ചടി 2027 മാർച്ചിൽ പൂർത്തിയാക്കാനുള്ള നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങി.
പാഠപുസ്തക അച്ചടി കെ.ബി.പി.എസിന് നൽകി ഭരണാനുമതി പുറപ്പെടുവിച്ചു. കവറും ഉള്ളടക്കവും അച്ചടിക്കുന്നതിനുള്ള പേപ്പറുകൾ സ്‌റ്റേഷനറി കൺട്രോളർ വാങ്ങി നൽകും. ഇതിനുള്ള ടെൻഡർ നടപടികൾ ഉടൻ തുടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |