SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

വിഴിഞ്ഞം തുറമുഖവികസനം: ബർത്ത് ഇക്കൊല്ലം 400 മീറ്റർ നീട്ടും, കപ്പലുകൾ കൂടും; തൊഴിലവസരവും

port

തിരുവനന്തപുരം: ലോജിസ്റ്റിക്സ് മേഖലയിലടക്കം അഭ്യസ്തവിദ്യരായ നൂറുകണക്കിന് യുവജനങ്ങൾക്ക് തൊഴിലവസരം സൃഷ്ടിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് 400മീറ്റർ ബർത്ത് ഇക്കൊല്ലം പൂർത്തിയാക്കും. നിലവിലെ 800മീറ്റർ ബർത്ത് ഒറ്റഘട്ടമായി 2000മീറ്ററാക്കാനാണ് പദ്ധതിയിട്ടിരുന്നത്. അതിന് 2028ഡിസംബർ വരെ സാവകാശം വേണമായിരുന്നു. എന്നാൽ കപ്പലുകൾ കൂട്ടത്തോടെ വിഴിഞ്ഞം തേടി വന്നുതുടങ്ങിയതോടെ, 400 മീറ്റർ ബർത്ത് ഇക്കൊല്ലം അവസാനത്തോടെ പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നു. പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി മൂർച്ഛിച്ചതോടെ നടുക്കടലിൽ കുടുങ്ങിപ്പോയ നൂറിലേറെ കപ്പലുകൾ വിഴിഞ്ഞത്തടുക്കാൻ അനുമതി തേടിയെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

#എട്ട് ഷിപ്പിംഗ് കമ്പനികൾ സമീപിച്ചു

എം.എസ്.സി ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകളാണ് പതിവായി വിഴിഞ്ഞത്ത് അടുക്കുന്നത്. ഇതിനിടയിലാണ് യുദ്ധപ്രതിസന്ധി കാരണം എട്ട് കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്തടുക്കാൻ അനുമതി തേടിയത്. ഇതോടെയാണ് തുടർവികസനം മൂന്ന് ഘട്ടങ്ങളായി പൂർത്തിയാക്കാൻ അദാനി തീരുമാനിച്ചത്. രണ്ടാംഘട്ടം 2027അവസാനത്തോടെയും മൂന്നാംഘട്ടം 2028ഡിസംബറിലും കമ്മിഷൻ ചെയ്യും.

# ബർത്ത് 2000മീറ്ററാവുകയും പുലിമുട്ട് നാലു കിലോമീറ്ററാക്കുകയും ചെയ്യുന്നതോടെ കാർഗോനീക്കത്തിന്റെ വേഗംകൂടും. കണ്ടെയ്നറുകൾ ഇറക്കാൻ 100ക്രെയിനുകളുണ്ടാവും. യാർഡിൽ ഒരുലക്ഷം കണ്ടെയ്നറുകൾ സൂക്ഷിക്കാനാവും. നിലവിലിത് 35,​000ആണ്.

ബെർത്ത് 2,000മീറ്ററാവുന്നതോടെ രാജ്യത്തെ ഏറ്റവും നീളംകൂടിയ കണ്ടെയ്‌നർ ബെർത്തും വിഴിഞ്ഞത്താവും. പുലിമുട്ടിന്റെ നിർമ്മാണം 500മീറ്ററേ ശേഷിക്കുന്നുള്ളൂ.

നല്ല ശമ്പളമുള്ള

ജോലി നാട്ടിൽ കിട്ടും

ബർത്ത് 400മീറ്റർ കൂടി പൂർത്തിയാവുന്നതോടെ രണ്ട് മദർഷിപ്പുകൾക്കോ 3ഫീഡർ കപ്പലുകൾക്കോ ഒരേസമയം നങ്കൂരമിടാനാവും. നിലവിൽ ഒരു മദർഷിപ്പിനും ഒരുഫീഡർകപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കുമാണ് അടുക്കാനാവുക.

സാങ്കേതിക പരി‌ജ്ഞാനമുള്ള കുടുതൽ പേർക്ക് തുറമുഖത്ത് ജോലിലഭിക്കും. കണ്ടെയ്നറുകൾ വൻതോതിലെത്തുമ്പോൾ, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് മേഖലകളിലടക്കം തൊഴിലവസരവും വർദ്ധിക്കും.

ക്രൂയിസ് കപ്പലുകളും എത്തുന്നതോടെ ടൂറിസം മേഖലയിലും വികസനമുണ്ടാവും. മൂവായിരം സഞ്ചാരികൾ ഒരുമിച്ചെത്തി നഗരത്തിൽ ഷോപ്പിംഗ്-വിനോദ-സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നാട്ടിൽ പണലഭ്യത വർദ്ധിക്കും

107രാജ്യങ്ങളിലെ തുറമുഖങ്ങളുമായി നേരിട്ട് സർവീസുള്ളതിനാൽ വിദേശത്തുനിന്ന് അസംസ്കൃതവസ്തുക്കളെത്തിച്ച് ഉത്പാദനത്തിനുംഅസംബ്ലിംഗിനും അതിലൂടെ കയറ്റുമതിക്കുമാവും. വൻതോതിൽ തൊഴിൽ സൃഷ്ടിക്കപ്പെടും.

ലോജിസ്റ്റിക്സ് പാർക്കുകൾ വരുന്നതോടെ ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്,കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർറിപ്പയറിംഗ് എന്നിങ്ങനെ പലമേഖലകളിൽ തൊഴിലവസരങ്ങളുണ്ടാവും.

₹16000കോടി

തുടർവികസനങ്ങൾക്ക് അദാനി മുടക്കുന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA