
വയനാട്: നെന്മേനി പഞ്ചായത്തിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നെന്മേനി പഞ്ചായത്തിലെയും തൊട്ടടുത്തുള്ള അമ്പലവയൽ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകളിലെയും സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 14 വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മദ്രസകൾ, അങ്കണവാടികൾ, പഠന മുറികൾ, ഹോസ്റ്റലുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്ക് ഹാജരാവുന്നതിന് തടസ്സമില്ലെന്ന് ഉത്തരവിൽ പറയുന്നു.
റസിഡൻഷ്യൽ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് പൊതുജനങ്ങളുമായി സമ്പർക്കമില്ലെന്ന് അധികൃതർ ഉറപ്പുവരുത്തണം. കുട്ടികളിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കാൻ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ എന്നിവരടങ്ങുന്ന സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |