
ലണ്ടൻ: യു.കെ.യിലെ ശിവഗിരി ആശ്രമത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ഭക്തിനിർഭരമായി ആഘോഷിച്ചു. മഹാഗുരുപൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നേപ്പാളിലുണ്ടായ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ജയന്തി സമ്മേളനം മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ശ്രീനാരായണ ഗുരുദേവ ദർശനം മുറുകെപ്പിടിക്കുകയും സമൂഹത്തിലേക്ക് പകർന്നുനൽകുകയും ചെയ്യുന്ന യു.കെ.യിലെ ആശ്രമത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് വി.പി നന്ദകുമാർ പറഞ്ഞു. ശിവഗിരി ആശ്രമം യു.കെ. പ്രസിഡന്റ് ബൈജു പാലയ്ക്കൽ ജയന്തി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണസഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ലണ്ടൻ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫ. അലക്സ് ഗ്യാത്ത് മുഖ്യാതിഥിയായിരുന്നു. മുംബയ് ശ്രീനാരായണ മന്ദിർ സമിതി ബോർഡ് അംഗം വി.പി. മോഹൻദാസ്,സജീഷ് ദാമോദരൻ,കലാ ജയൻ,അനിൽകുമാർ ശശിധരൻ,രസികുമാർ രവീന്ദ്രൻ,സിബി കുമാർ എന്നിവർ സംസാരിച്ചു.
ഗണേശ് ശിവൻ സ്വാഗതവും അനിൽകുമാർ രാഘവൻ നന്ദിയും പറഞ്ഞു. മഹാഗുരുപൂജയ്ക്കും മറ്റ് പൂജാചടങ്ങുകൾക്കും സുനീഷ് ശാന്തി,ദീപു ശാന്തി,സിറിൽ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ഗുരുദേവന്റെ സമത്വദർശനവും വിശ്വമാനവിക സന്ദേശവും വിളിച്ചോതിയ ജയന്തി ഘോഷയാത്ര നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |