തിരുവനന്തപുരം: ആറുവരി ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾക്കെതിരെ കർശനനടപടിയെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇതുവഴി സർവീസ് നടത്തുന്ന സ്റ്റേജ് ക്യാരേജ് ബസുകൾ പ്രായാമയവരും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇത്തരത്തിൽ ഇറക്കിവിടുമ്പോൾ ഹൈവേയിൽനിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധിപ്പേരാണ് പരാതിപ്പെടുന്നത്. സർവീസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്റ്റേജ് ക്യാരേജ് ബസുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹൈവേയിൽ നിർത്തുന്ന ബസുകൾ പെട്ടെന്ന് റിവേഴ്‌സ് എടുക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.
ഇക്കാര്യങ്ങൾ മുൻനിർത്തി നിയമങ്ങളിൽ വ്യക്തത വരുത്തുന്നതിനായി കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും ഒരു സ്ഥലത്തും ബസ് സ്റ്റോപുകൾ അനുവദിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. അതിനാൽ സ്റ്റേജ് ക്യാരേജ് ബസുകൾക്ക് സർവീസ് റോഡിലൂടെ മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂവെന്നും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ആറുവരി ദേശീയപാതയുടെ പ്രവർത്തി പല സ്‌ട്രെച്ചുകളിലും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അത്തരം സ്‌ട്രെച്ചുകൾ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുമുണ്ട്. എന്നാൽ ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുള്ള അത്തരം ഭാഗങ്ങളിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതായും, യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്നതായും നിരവധി പരാതികൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടങ്ങുന്ന നിരവധി യാത്രക്കാർക്ക് ഹൈവേയിൽ നിന്നും പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതായും, പലപ്പോഴും കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും പരാതികൾ ലഭിക്കുന്നുണ്ട്. ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ല, ഒരു സ്ഥലത്തും ബസ് സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. ആയതിനാൽ സ്റ്റേജു ക്യാര്യേജ് ബസുകൾ നിർബന്ധമായും സർവീസ് റോഡിൽ കൂടി മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ. സർവീസ് റോഡ് ഒഴിവാക്കി ആറുവരിയിലൂടെ സർവീസ് നടത്തുന്ന സ്റ്റേജ് കാര്യേജ് വാഹനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
MVD warns of strict action against stage carriage buses using six-lane highways instead of service roads and dropping passengers on the highway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |