SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ശ്രീ ചിത്രയിൽ 9നില പുതിയ കെട്ടിടം, രോഗികളുടെ കാത്തിരിപ്പ് കുറയും ഉദ്ഘാടനം അടുത്തമാസം 20ന് കേന്ദ്രമന്ത്രി

rcc

തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ 2.5 ലക്ഷം സ്ക്വയർ ഫീറ്റിൽ പൂർത്തിയായ പുതിയകെട്ടിടം അടുത്തമാസം 20ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. ഒൻപത് നിലകളിലായി ഒൻപത് ഓപ്പറേഷൻ തിയേറ്ററുകളടക്കമുള്ള സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ടാകും. ഇതോടെ ശസ്ത്രക്രിയയ്ക്കടക്കം മാസങ്ങളോളം രോഗികൾ കാത്തിരിക്കേണ്ട സ്ഥിതിക്ക് മാറ്റംവരും. നിലവിൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുവർഷം വരെ കാത്തിരിക്കണം. ആൻജിയോഗ്രാമിന് നാലുമാസമെങ്കിലും വേണം.

ആദ്യഘട്ടത്തിൽ ഒ.പി ബ്ലോക്കുകൾ പ്രവർത്തിക്കും. ഘട്ടംഘട്ടമായി ഈവർഷം തന്നെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കും. ആത്യാധുനിക സംവിധാനങ്ങളോടെയുള്ള മോഡുലർ ഓപ്പറേഷൻ തിയേറ്ററുകളാണ് ഒരുക്കിയിട്ടുള്ളത്. ഇവയിലേക്കുള്ള ഉപകരണങ്ങളുടെ ടെൻഡർ പൂർത്തിയായി. കോർപ്പറേഷന്റെ ഒക്യുപെൻസി സർട്ടിഫിക്കറ്റും കെ.എസ്.ഇ.ബി, ഫയർഫോഴ്സ് ഉൾപ്പെടെയുള്ളവയുടെ അനുമതിയും ലഭിച്ചു.

പുതിയ കെട്ടിടത്തിന് സമീപം ജനറേറ്ററുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ കൺട്രോൾ റൂമും മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനവും പണിതീർത്തു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരമാണ് ആശുപത്രിയുടെ വികസനം. സെൻട്രൽ പി.ഡബ്ല്യു.ഡിക്കായിരുന്നു നിർമ്മാണച്ചുമതല. 2020 ഫെബ്രുവരിയിലാണ് നിർമ്മാണം തുടങ്ങിയത്. 15 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് കാരണം നീണ്ടുപോയി.

ഇനി പേവാർഡ്

സൗകര്യവും

ശ്രീചിത്രയിൽ ആദ്യമായി പേവാർഡ് സൗകര്യം ഏർപ്പെടുത്തും. പുതിയ കെട്ടിടത്തിൽ ആകെയുള്ള 170 കിടക്കകളിൽ 40 എണ്ണം പേവാർഡിനായി മാറ്റും. നിലവിൽ പേവാർഡില്ല. സാധാരണ വാർഡുകൾക്ക് പകരം മിനി ഐ.സി.യു സംവിധാനത്തോടെയാണ് കിടക്കകൾ ക്രമീകരിക്കുക. പഴയ കെട്ടിടസമുച്ചയത്തെ പുതിയതുമായി ബന്ധിപ്പിക്കുന്ന ആകാശഇടനാഴിയുമുണ്ട്.

800 പുതിയ ജീവനക്കാർ

പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകുന്നതോടെ 800 പുതിയ ജീവനക്കാരെ നിയമിക്കും. ഇതിനുള്ള നടപടി തുടങ്ങി. ഇതിൽ 400ഓളം നഴ്സുമാരാണ്.

230 കോടി

കെട്ടിടത്തിന്റെ ആകെ

നിർമ്മാണച്ചെലവ്

110 കോടി

കേന്ദ്ര ശാസ്ത്ര സാങ്കേതിക

വകുപ്പിന്റെ വിഹിതം

120 കോടി

കേന്ദ്ര ആരോഗ്യ

മന്ത്രാലയത്തിന്റെ വിഹിതം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREECHITHRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA