
തിരുവനന്തപുരം : ലോകകായിക മത്സരങ്ങളിൽ മെഡൽ നേടുന്ന താരങ്ങളെ എങ്ങനെ ചേർത്തുനിറുത്തണമെന്ന് കേരളം അയൽ സംസ്ഥാനമായ തമിഴ്നാടിനെയെങ്കിലും കണ്ടുപഠിക്കണം. ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡ് ജേതാക്കളായി നാട്ടിലെത്തിയ ഉടൻ ടീമിലെ തമിഴ്നാട് സ്വദേശികളെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ക്ഷണിച്ചുവരുത്തി 25 ലക്ഷം രൂപ വീതം സമ്മാനം നൽകി.
ഇവിടെയാകട്ടെ ഒളിമ്പിക്സിൽ അഭിമാന നേട്ടം കൈവരിച്ച് മടങ്ങിയെത്തിയ ഹോക്കിതാരം പി.ആർ. ശ്രീജേഷിനെ മുഹൂർത്തം നിശ്ചയിച്ച് ക്ഷണിച്ചുവരുത്തിയ ശേഷം മന്ത്രിമാരുടെ മൂപ്പിളമത്തർക്കം കാരണം അപമാനിച്ച് മടക്കിവിട്ടു. പ്രഖ്യാപിച്ച 2 കോടി രൂപയും നൽകിയില്ല.
കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും മികച്ച താരങ്ങളെ വാർത്തെടുക്കുമെന്നൊക്കെയുള്ള വാചകമടിമാത്രമാണ് നമ്മുടെ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ശ്രീജേഷ് ഒഴികെയുള്ള ഹോക്കി ടീമിലെ മറ്റുതാരങ്ങൾക്കെല്ലാം അവരവരുടെ സംസ്ഥാനങ്ങളിൽ നിന്ന് സമ്മാനം ലഭിച്ചുകഴിഞ്ഞു.
ആർ.പ്രഗ്നാനന്ദ, ഡി.ഗുകേഷ്, വൈശാലി എന്നീ ചെസ് താരങ്ങൾക്ക് 25 ലക്ഷം രൂപവീതവും നോൺപ്ളേയിംഗ് ക്യാപ്ടൻ ശ്രീനാഥ് നാരായണന് 15 ലക്ഷം രൂപയുമാണ് ഹംഗറിയിൽ നിന്ന് മടങ്ങിയെത്തിയ ദിവസം തന്നെ തമിഴ്നാട് സമ്മാനിച്ചത്. പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത തമിഴ്നാട് താരങ്ങൾക്കും നാട്ടിലെത്തിയ ഉടൻ തന്നെ സർക്കാരിന്റെ അംഗീകാരം കിട്ടി.
ശ്രീജേഷിന് ഒക്ടോ.
19ന് സ്വീകരണം
തമിഴ്നാട് സർക്കാരിന്റെ കരുതലും കേരളത്തിന്റെ അവഗണനയും ചർച്ചയായതോടെയാണ് ഒക്ടോബർ 19ന് ശ്രീജേഷിന് സ്വീകരണം നൽകുമെന്ന് കായിക മന്ത്രി അബ്ദുറഹ്മാൻ ഇന്നലെ പറഞ്ഞത്. അതും മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മാത്രം. വേദിയെ കുറിച്ചും മറ്റും ഇനി വേണം തീരുമാനിക്കാൻ. ഒരിക്കൽ അപമാനിച്ചതിന് സ്വീകരണവേദിയിലെങ്കിലും ക്ഷമചോദിക്കാനുള്ള മര്യാദ കാട്ടണമെന്നാണ് കേരളക്കര ഒന്നാകെ ആവശ്യപ്പെടുന്നത്.
ആഗസ്റ്റ് 16നാണ് ഒളിമ്പിക്സ് കഴിഞ്ഞ് ശ്രീജേഷ് നാട്ടിൽ മടങ്ങിയെത്തിയത്. 26ന് തിരുവനന്തപുരം ജിമ്മിജോർജ് സ്റ്റേഡിയത്തിൽ ശ്രീജേഷ് ജോലിനോക്കുന്ന പൊതു വിദ്യാഭ്യാസവകുപ്പ് സ്വീകരണം നിശ്ചയിച്ചു
ഇതിൽ കായികമന്ത്രി നീരസപ്പെട്ടതോടെ പരിപാടി മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ കുടുംബ സമേതം തിരുവന്തപുരത്ത് എത്തിയ ശ്രീജേഷ് അപമാനിതനായി വീട്ടിലേക്ക് മടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |