
തിരുവനന്തപുരം: സാഹിത്യ സാംസ്കാരികമേഖലകളിലെ വളർച്ചയിൽ തനിക്ക് സുപ്രധാന പിന്തുണ നൽകിയത് കേരളകൗമുദിയാണെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്റെ പേര് ആദ്യമായി അച്ചടിച്ചുവന്നത് കൗമുദി വാരികയിലാണ്. കൗമുദി തന്റെയും കുടുംബമാണ്. 115 വർഷങ്ങളായി മനുഷ്യമനസിൽ അറിവ് നിറച്ച് നിലകൊള്ളുകയാണ് കേരളകൗമുദി. ശ്രീകുമാരൻ തമ്പിയെ ആദരിക്കാൻ കേരളകൗമുദി സംഘടിപ്പിച്ച 'പൗർണമി ചന്ദ്രിക' പരിപാടിയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കേരളകൗമുദി ഡയറക്ടർമാരായ ശൈലജ രവി, ലൈസ ശ്രീനിവാസൻ എന്നിവർ ചേർന്ന് ശ്രീകുമാരൻ തമ്പിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന കേരളകൗമുദിയുടെ ഉപഹാരവും അദ്ദേഹത്തിന് സമർപ്പിച്ചു.
താൻ ആദ്യമായി വായിച്ച പുസ്തകം സി.വി.കുഞ്ഞുരാമൻ എഴുതിയ മഹാഭാരതം എന്ന ലഘു പുസ്തകമാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. കേരള സാംസ്കാരിക രംഗത്ത് ചൈതന്യധാര ഒഴുക്കിയ വ്യക്തിത്വമായിരുന്നു സി.വി.
അർത്ഥവും അർത്ഥശൂന്യതയും ചേർന്നതാണ് ജീവിതം. 30 വയസിനുള്ളിൽ താനെഴുതിയ പല ഗാനങ്ങളും തത്വചിന്താപരമാണ്. ചെറുപ്പകാലത്തെ അനുഭവങ്ങളാണ് തത്വചിന്താപരമായി ജീവിതത്തെ കാണാൻ പ്രേരണയായത്. 86 വയസുവരെ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് 47-ാമതായാണെങ്കിലും തനിക്ക് വയലാർ അവാർഡ് ലഭിച്ചത്. എന്നാൽ ജനങ്ങളുടെ മനസിലെ ലിസ്റ്റിൽ എപ്പോഴും തന്റെ പേരുണ്ടായിരുന്നു.
3500ഓളം ഗാനങ്ങൾ രചിച്ചു.30 സിനിമകൾ സംവിധാനം ചെയ്തു.26 ചിത്രങ്ങൾ നിർമ്മിച്ചു. എങ്കിലും ഇപ്പോഴും താൻ ധനികനല്ല. വേദനിച്ചും കഷ്ടപ്പെട്ടും സ്നേഹമെന്ന ബാങ്കിൽ താൻ നടത്തിയ സ്ഥിരനിക്ഷേപത്തിന്റെ പലിശയാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ആദരവെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
ജീവിതത്തിന്റെ എല്ലാ മുഹൂർത്തങ്ങളിലും ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങളുടെ സാമീപ്യമുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരളകൗമുദി അസോസിയേറ്ര് എഡിറ്റർ വി.എസ്.രാജേഷ് പറഞ്ഞു. എത്രകാലം കഴിഞ്ഞാലും പ്രസക്തി നഷ്ടമാവാത്ത ഗാനങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചതെന്നും വ്യക്തമാക്കി. ഒരേസമയം ഗർജ്ജിക്കുന്ന കവിയും സൗമ്യനും ശാന്തനുമായ മനുഷ്യനുമാണ് ശ്രീകുമാരൻ തമ്പിയെന്ന് കേരളകൗമുദി സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചുവെള്ളായണി പറഞ്ഞു.
ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.
സ്പോൺസർമാർക്കുള്ള ഉപഹാരങ്ങൾ ശ്രീകുമാരൻ തമ്പി സമ്മാനിച്ചു.
കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി, ജനറൽ മാനേജർമാരായ അയ്യപ്പദാസ് എ.ജി, ഷിറാസ് ജലാൽ, യൂണിറ്റ് ചീഫ് ആർ.ചന്ദ്രദത്ത് എന്നിവർ പങ്കെടുത്തു. കൗമുദി ടിവി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ സ്വാഗതവും കേരളകൗമുദി ചീഫ് മാനേജർ എസ്.വിമൽകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |