
തിരുവനന്തപുരം: ഗവ. പ്ളീഡർ നിയമനത്തിൽ കെ.എസ്.യുവിനെ പരസ്യമായി തള്ളിയ മുഖ്യമന്ത്രി വി.ഡി.സതീശനെ അനുകൂലിച്ചും വിമർശിച്ചും നേതാക്കൾ
രംഗത്ത് വന്നതോടെ, കോൺഗ്രസിൽ കലാപം പടരുന്നു. കെ.എസ്.യുവിനെ
മറയാക്കി സർക്കാരിനെതിരെ കെ.സി വേണുഗോപാൽ പക്ഷത്തിന്റെ ഒളിപ്പോരെന്ന ആരോപണവുമുയർന്നു.
ഇന്നലെ തേവര എസ്.എച്ച് കോളേജിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, ചടങ്ങിൽ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യർക്ക് മുഖം കൊടുക്കാതെ പോയതും രംഗം വഷളാക്കി.കെ.എസ്.യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും, തെറ്റ് ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും പറഞ്ഞ അലോഷ്യസ്, മുഖ്യമന്ത്രി തന്നോട് ചിരിക്കാത്തതിന് മറുപടിയില്ലെന്നും പറഞ്ഞു.രണ്ട് ദിവസമായി കോൺഗ്രസിലെ യുവനേതാക്കൾ തുടങ്ങിയ വാക്ക് പോര് മന്ത്രിമാരും എം.എൽ.എമാരുമുൾപ്പെടെയുള്ളവർ ഏറ്റു പിടിച്ചു. അതിനിടെ, അന്തരീക്ഷം തണുപ്പിക്കാൻ കെ.സി പക്ഷത്തെ മന്ത്രി എ.പി അനിൽകുമാറും രംഗത്തെത്തി.
ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകുന്ന പരിഗണനയെങ്കിലും കെ.എസ്.യുവിന് കൊടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്ന കെ.പി.സി.സി വക്താവ് വി.ആർ.അനൂപിന്റെ പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത്.കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി സന്ദർശനത്തിന് സമയം കൊടുക്കാതിരുന്നതാണ് അനൂപിനെ ചൊടിപ്പിച്ചത്. അനൂപ് കുമ്പിടിയാവേണ്ടെന്നായിരുന്നു സതീശനെ പിന്തുണച്ചെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീറിന്റെ മറുപടി.
സമരം ചെയ്തും ജയിലിൽ കിടന്നും പോരാടിയ ഒരു നേതാവിനും കെ.എസ്.യുവിനെതിരെ പറയാൻ കഴിയില്ലെന്ന് കെ.സി പക്ഷക്കാരിയായ ദീപ്തി മേരി വർഗീസ് . ജനങ്ങൾ വലിയ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത സർക്കാരാണെന്നത് ഓർക്കണമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ എം.എൽ.എയും ലക്ഷ്യം വച്ചത് മുഖ്യമന്ത്രിയെയാണ്.കെ.എസ്.യുവിനെ മുഖ്യമന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്ന് പറഞ്ഞ മന്ത്രി എം.ലിജു, സതീശന് പിന്തുണയേകി.എല്ലാ കാര്യങ്ങളും കെ.എസ്.യുവിനോടും യൂത്ത് കോൺഗ്രസിനോടും ആലോചിച്ച് തീരുമാനിക്കാൻ പറ്റുമോ എന്നാണ് മന്ത്രി റോജി.എം.ജോൺ ചോദിച്ചത്.
മുഖ്യമന്ത്രിയെ വിമർശിച്ച കോൺഗ്രസ് വക്താക്കളായ ജിന്റോജോണിനെയും വി.ആർ.അനൂപിനെയും ചാനൽ ചർച്ചകളിൽ നിന്നു വിലക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡി.സി.സി ഭാരവാഹി രാജു.പിനായർ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകി.
കോൺഗ്രസിലെ കലാപം:
മിണ്ടാട്ടമില്ലാതെ നേതൃത്വം
തിരുവനന്തപുരം: മുഖ്യമന്ത്രിയും കെ.എസ്.യുവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുമ്പോഴും കെ.പി.സി.സി നേതൃത്വത്തിന് അനങ്ങാപ്പാറ നയം. ചില മന്ത്രിമാർ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും കെ.പി.സി.സി അദ്ധ്യക്ഷനും മറ്റ് പ്രധാന നേതാക്കളുംമൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
വിമർശനങ്ങൾ ക്രിയാത്മകമായിരിക്കണമെന്നും അതിന്റെ പേരിൽ പരിധി വിട്ട അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും മന്ത്രി എ.പി.അനിൽ കുമാർ പറഞ്ഞു. സദുദ്ദേശപരമായി വിമർശിക്കുന്നവരോട് ആരും യുദ്ധം ചെയ്യാനൊന്നും പോകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.യുവിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കാണാൻ ആർക്കും തടസമില്ല, ഇതുപോലെ ജനകീയനായ മുഖ്യമന്ത്രി അടുത്തകാലത്തുണ്ടായിട്ടുണ്ടോ. സെക്രട്ടേറിയറ്റിൽ പോയി അദ്ദേഹത്തെ ആർക്കും കാണാം. പ്ളീഡർ നിയമനത്തിൽ മറ്റു പാർട്ടിക്കാരുൾപ്പെട്ടെന്ന ആക്ഷേപത്തെക്കറിച്ചുള്ള ചോദ്യത്തിന്, മുൻപ് ഒരു പാർട്ടിയിലുണ്ടായിരുന്നത് അയോഗ്യതയാണോ എന്നായിരുന്നു മറു ചോദ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |