
തിരുവനന്തപുരം: എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഇന്നു തുടങ്ങാനിരിക്കെ ചോദ്യപേപ്പർ അച്ചടി പൂർത്തിയായില്ല. ഇതുകാരണം ഇന്നും നാളെയും നടക്കുന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ഇന്നലെയും പല സ്കൂളുകളിലും എത്തിക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്ന് ഇന്നുരാവിലെ 11.30ഓടെ എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഉച്ചയ്ക്കുശേഷമാണ് പരീക്ഷ. സാധാരണ, പരീക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പേ ചോദ്യപേപ്പർ സ്കൂളുകളിൽ എത്തിക്കാറുണ്ട്. അച്ചടി വൈകിയതാണ് കാരണം.
ഷൊർണൂരിലെ പ്രസിലാണ് ചോദ്യപേപ്പറുകൾ അച്ചടിക്കുന്നത്. ബുധനാഴ്ച മുതലുള്ള ചോദ്യപേപ്പറുകളുടെ അച്ചടി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ന് ഉച്ചകഴിഞ്ഞ് പൂർത്തിയാകുമെന്നാണ് വിവരം. ജില്ലാ ഓഫീസുകളിൽ എത്തിക്കുന്ന ചോദ്യപേപ്പർ അവിടെ നിന്നാണ് സ്കൂളുകളിൽ വിതരണം ചെയ്യുന്നത്.
പൊതുപരീക്ഷയുടെ അതേ രഹസ്യസ്വഭാവത്തോടെയാണ് മോഡൽ പരീക്ഷകളും നടത്തുന്നത്. അച്ചടിക്കാര്യത്തിൽ ഉൾപ്പെടെ ഇക്കാര്യം പാലിക്കാറുണ്ട്. 21നാണ് മോഡൽ പരീക്ഷ അവസാനിക്കുന്നത്. മാർച്ച് മൂന്ന് മുതൽ 26 വരെയാണ് പൊതുപരീക്ഷ.
അതേസമയം, ചോദ്യപേപ്പർ എല്ലാ ജില്ലയിലും വിതരണം ചെയ്തിട്ടുണ്ടെന്ന് പരീക്ഷാഭവൻ അറിയിച്ചു. ഓരോ വിഷയത്തിനും സ്പെയറായി നൽകുന്ന 20 ശതമാനം ചോദ്യപേപ്പറിന്റെ വിതരണം മാത്രമേ പൂർത്തിയാകാനുള്ളൂ. ബുധനാഴ്ച മുതൽ നടക്കുന്ന പരീക്ഷകളുടെ സ്പെയർ ചോദ്യപേപ്പറുകളുടെ വിതരണം ഇന്ന് വൈകിട്ടോടെ പൂർത്തിയാകുമെന്നും അറിയിച്ചു.
സർക്കാരിന്റെ
അലംഭാവം:
കെ.പി.എസ്.ടി.എ
തിരുവനന്തപുരം: ഇന്ന് എസ്.എസ്.എൽ സി മോഡൽ പരീക്ഷ ആരംഭിക്കാനിരിക്കെ പല വിദ്യാലയങ്ങളിലും ചോദ്യപേപ്പറുകൾ എത്താത്തതിൽ നിന്ന് പൊതുപരീക്ഷകൾക്ക് സർക്കാർ നൽകുന്ന ഗൗരവം വ്യക്തമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയോടുള്ള സർക്കാർ കാണിക്കുന്ന അലംഭാവം മേഖലയെ തകർക്കും. അടിയന്തരമായി മുഴുവൻ വിദ്യാലയങ്ങളിലും ചോദ്യപേപ്പറുകളെത്തിക്കാൻ നടപടി സ്വീകരിക്കണം. ചോദ്യപേപ്പർ ചോർച്ചയിലൂടെ കഴിഞ്ഞ ടേം പരിക്ഷയുടെ വിശ്വാസ്യത തകർത്തിട്ടും ഇതുവരെ നടപടിയും സ്വീകരിച്ചിട്ടില്ല. പരമ്പരാഗതമായി പൊതുവിദ്യാഭ്യാസത്തിന്റെ വികസനത്തിനും ഗുണമേന്മയ്ക്കുംവേണ്ടി പരിശ്രമിക്കുന്ന അദ്ധ്യാപകരെയും മാനേജർമാരെയും അവഹേളിച്ച് പൊതുവിദ്യാഭ്യാസ ശാക്തീകരണം എങ്ങനെ യാത്ഥാർത്ഥ്യമാക്കുമെന്ന് സർക്കാർ വ്യക്തമാക്കണം.സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ, തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |