SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

നെന്മാറ ഇരട്ടക്കൊലപാതകം: പൊലീസിന്റേത് എണ്ണിപ്പറയാവുന്ന വീഴ്ചകൾ

subhash-babu

നിയമപരമായെടുക്കേണ്ട നടപടി പൊലീസ് എടുത്തിരുന്നെങ്കിൽ ഒരിക്കലും രണ്ട് ജീവനുകൾ നഷ്ടപ്പെടുമായിരുന്നില്ല. പൊലീസ് മുൻ സൂപ്രണ്ട് എൻ. സുഭാഷ് ബാബുവിന്റെ വിശകലനം

നെന്മാറ ഇരട്ടക്കൊലപാതകം പൊലീസിന്റെ വീഴ്ചകളുടെയും കെടുകാര്യസ്ഥതയുടെയും പരിണിതഫലമാണെന്നതിൽ തർക്കമില്ല. പ്രതി ചെന്താമര ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തിയത് കൊല്ലപ്പെട്ട സുധാകരന്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നെന്മാറ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ശക്തമായ നടപടിയൊന്നുമുണ്ടായില്ല.

പഞ്ചായത്തിൽ കയറരുതെന്ന വ്യവസ്ഥ ലംഘിച്ചാണ് ഒന്നരമാസമായി ചെന്താമര സ്വന്തം വീട്ടിൽ താമസിക്കുന്നത്. ജാമ്യവ്യവസ്ഥയ്ക്ക് വിപരീതമായി താമസിച്ചതിന് ജാമ്യം റദ്ദാക്കേണ്ടതായിരുന്നു. ഇതെല്ലാം ചില സ്വാധീനത്താൽ ചെയ്തതാകാമെന്നാണ് സംശയിക്കേണ്ടത്. പ്രതിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനുമായില്ല. പ്രതി തിരുപ്പൂരിൽ പോകുന്നുവെന്ന് പറഞ്ഞതടക്കം പൊലീസ് അതേപടി വിശ്വസിച്ചു. ചുരുക്കത്തിൽ, നിയമപരമായി സ്വീകരിക്കേണ്ട നടപടിയെടുത്തിരുന്നെങ്കിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടുമായിരുന്നില്ല.

ജാമ്യം റദ്ദാക്കാനുള്ള നടപടിയൊന്നും പൊലീസ് സ്വീകരിച്ചില്ല. നെന്മാറയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരം അറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ല. ഇക്കാര്യമാരോപിച്ച് നാട്ടുകാരുടെയും മറ്റും പ്രതിഷേധവും ഉയർന്നു. ചെന്താമര ഭീഷണിപ്പെടുത്തിയെന്ന സുധാകരന്റെയും മകളുടെയും പരാതി കിട്ടിയിട്ടും കേസെടുക്കാതിരുന്നത് ഗുരുതരവീഴ്ചയാണ്. ഭാരതീയ ന്യായസംഹിത പ്രകാരം സാക്ഷികളെ ഭീഷണിപ്പെടുത്തിയതിൽ നടപടിയെടുക്കേണ്ടതായിരുന്നു. വിറ്റ്‌നസ് പ്രൊട്ടക്‌ഷന്റെ പേരിൽ പ്രതിക്കെതിരെ കേസെടുക്കാമായിരുന്നു. അതുമുണ്ടായില്ല.

നാട്ടുകാരോടടക്കം കലഹിച്ചിരുന്ന ചെന്താമര ജന്മനാ സൈക്കോ ക്രിമിനലാണ്. മാനസികപ്രശ്‌നങ്ങൾ കൂടിയുള്ള ക്രിമിനലിന്റെ ഭീഷണി വെറുതെ തള്ളിക്കളയേണ്ടതല്ല. അങ്ങനെയുള്ള ക്രിമിനലുകൾ എപ്പോഴും എന്തും ചെയ്യും. 'പൂശിക്കളയും" എന്ന് അയാൾ പലതവണ പറയുകയും ചെയ്തിട്ടുണ്ട്. ആ ഭീഷണി പൊലീസ് മുഖവിലയ്ക്കെടുക്കേണ്ടതായിരുന്നു. എന്നിട്ടും പൊലീസ് സ്ഥലത്തെത്തി വെറുതെ താക്കീത് ചെയ്ത് വിട്ടു. അയാളുടെ മനസിൽ വിദ്വേഷം നിലനിൽക്കുന്നുവെന്നാണ് തുടർച്ചയായുള്ള ഭീഷണി വ്യക്തമാക്കുന്നത്. ഇത്തരം പശ്ചാത്തലമുള്ള പ്രതിയെ അദൃശ്യമായി പൊലീസ് നിരീക്ഷിക്കേണ്ടതായിരുന്നു. അതായത് ഷാഡോ പൊലീസിംഗ് നടത്താനുള്ള ശ്രമവുമുണ്ടായില്ല. 2019ലാണ് സജിത കൊല്ലപ്പെട്ടത്.

ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചത് ഒരു ജ്യോത്സ്യനായിരുന്നു. ജ്യോത്സ്യൻ ഒരു സ്ത്രീയെ പ്രതിസ്ഥാനത്ത് നിറുത്താൻ പാടില്ലായിരുന്നു. ജ്യോത്സ്യന്റെ ദുഷ്‌പ്രേരണ കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വേണമെങ്കിൽ ആയാളെയും പ്രതിയാക്കാമായിരുന്നു. പക്ഷേ അതുമുണ്ടായില്ല.

പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയത് സജിത പറഞ്ഞിട്ടാണെന്നാണ് ജ്യോത്സ്യൻ പറഞ്ഞുപരത്തിയത്. മുടിനീണ്ട സ്ത്രീയാണ് കാരണക്കാരി എന്ന് വ്യക്തമായി പറഞ്ഞു. അങ്ങനെയാണ് സജിതയെ കൊന്നത്. പിന്നീട് സുധാകരനെ കൂടി കൊല്ലുമെന്നാവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം പൊലീസ് പാടെ അവഗണിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUBHASH BABU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA