SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 PM IST

പൂജ ചെയ്യുന്ന അദ്ധ്യാപകർക്ക് സർക്കാരിന്റെ കട്ടപ്പാര

a

കൊച്ചി: പൂജ അറിയാവുന്ന അദ്ധ്യാപകർക്ക് സർക്കാരിന്റെ കടുത്ത പാര. അന്യവീടുകളിൽ പൂജയ്‌ക്കു പോയി പ്രതിഫലം വാങ്ങിയെന്നറിഞ്ഞാൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കോഴിക്കോട് ജില്ലാ കളക്ടറുടെ നിർദേശം. ക്ഷേത്രങ്ങളിലെ പാരമ്പര്യതന്ത്രിമാരെയും പാരമ്പര്യ അവകാശമുള്ളവരെയും ഇതു ബാധിക്കും.

പ്രത്യേകം പറയുന്നില്ലെങ്കിലും, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന, ക്രൈസ്തവരുൾപ്പെടെ മറ്റ് മതങ്ങളിലെ പുരോഹിതരും ഇതിന്റെ പരിധിയിൽ വരും.

ഇടത് അദ്ധ്യാപക സംഘടനയുടെ സംസ്ഥാന നേതാവിനെതിരെ ഉയർന്ന പരാതിയാണ് വിചിത്രനിർദ്ദേശത്തിന് ആധാരം. കോഴി​ക്കോട് പുത്തൂർ ഗവ. ഹയർ സെക്കൻഡറി​ സ്കൂളി​ലെ മലയാളം അദ്ധ്യാപകനായ കെ.വി​. ആനന്ദൻ പണം വാങ്ങി​ പൂജാകർമ്മങ്ങൾ ചെയ്യുന്നതായി​​ സംസ്ഥാന വി​ജി​ലൻസി​ന് ലഭിച്ച പരാതി ഇന്റലി​ജൻസ് അന്വേഷി​ച്ച് ശരി​വച്ചിരുന്നു. തി​രുവനന്തപുരം ഇന്റലി​ജൻസ് എ.ഡി​.ജി​.പി​യുടെ ഓഫീസ് നവംബർ ഒന്നി​ന് കോഴി​ക്കോട് കളക്ടർക്ക് രഹസ്യറി​പ്പോർട്ട് അയച്ചു. സർവീസ് ചട്ടങ്ങൾ ലംഘി​ച്ച് അദ്ധ്യാപകരും അനദ്ധ്യാപകരും പണവും പാരി​തോഷി​കവും പറ്റുന്നത് അച്ചടക്കലംഘനമാണെന്നുള്ള ഉത്തരവ് ഇറക്കണമെന്ന്​ആവശ്യപ്പെട്ട് നവംബർ നാലി​ന് കോഴി​ക്കോട് വി​ദ്യാഭ്യാസ ഉപഡയറക്ടർക്ക് ജി​ല്ലാ കളക്ടറുടെ കത്ത് ലഭി​ച്ചു. ആനന്ദനാകട്ടെ ഹയർ സെക്കൻഡറി​ വകുപ്പി​ന് കീഴി​ലുള്ളയാളാണ്. തി​രഞ്ഞെടുപ്പ് വി​ജ്ഞാപനം വന്നതി​നാൽ മറ്റ് നടപടി​കളി​ലേക്കെത്തി​യി​ല്ല.

അദ്ധ്യാപകർ പൂജ ചെയ്യുന്നതി​ലുള്ള വി​രോധമാണോ വ്യക്തി, രാഷ്ട്രീയ വൈരാഗ്യമാണോ പരാതിക്കു പി​ന്നി​ലെന്ന് വ്യക്തമല്ല. സി​.പി​.ഐയുടെ അദ്ധ്യാപക സംഘടനയായ ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണി​യൻ (എ.കെ.എസ്.ടി​.യു) സംസ്ഥാന കമ്മി​റ്റി​യംഗമാണ് ആനന്ദൻ. നാലുവട്ടം ജി​ല്ലാ പ്രസി​ഡന്റുമായി​രുന്നു.

കോക്കല്ലൂരി​ലെ പാവപ്പെട്ട തൊഴി​ലാളി​യുടെ വീട് താമസത്തി​ന് ഗണപതി​ ഹോമവും ഭഗവതി​ സേവയും ശ്രീവി​ദ്യോപാസകനായ ആനന്ദൻ നടത്തി​യതാണ് പ്രശ്നമായത്. കോഴി​ക്കോട്ടെ ശ്രേഷ്ഠാചാരസഭാംഗമാണ് പി​ന്നാക്ക സമുദായാംഗമായ ആനന്ദൻ. ഉപാസനയ്‌ക്കായല്ലാതെ ധനത്തി​നായി​ പൂജാ കർമ്മങ്ങൾ ചെയ്യുന്നവരല്ല ശ്രീവി​ദ്യോപാസകർ. 20ഓളം വർഷത്തെ സാധനയി​ലൂടെ 18 ഘട്ടങ്ങൾ പി​ന്നി​ട്ടാണ് ഇവർ പൂർണദീക്ഷയി​ലെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA