
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചുള്ള ശശി തരൂർ എം.പിയുടെ പരാമർശം ചക്ക കുഴയുന്നതുപോലെയായി. അപ്പോഴും തന്റെ നിലപാടിൽ പിശകില്ലെന്ന് ഉറപ്പിച്ച് തരൂർ. എന്തെങ്കിലും മുന്നേറ്റം കേരളത്തിന് ഉണ്ടായിട്ടുണ്ടെങ്കിൽ അത് യു.ഡി.എഫ് സർക്കാരുകളുടെ അശ്രാന്ത പരിശ്രമത്താലാണെന്ന് മുൻ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും ചേർത്താണ് പിണറായി സർക്കാർ വ്യവസായ വികസനത്തിന്റെ കണക്കു പറയുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും യു.ഡി.എഫ് കൺവീനർ എം.എം.ഹസനും ഉൾപ്പെടെ തരൂരിന്റെ നിലപാടിനെ തള്ളിക്കളഞ്ഞു. ഫേസ് ബുക്കിൽ വ്യവസായ വകുപ്പ് പുരോഗതികളെ പുകഴ്ത്തിയ തരൂർ, ഇന്നലെ മാദ്ധ്യമങ്ങളോടും നിലപാട് ആവർത്തിച്ചു. സോഷ്യൽ മീഡിയയിലൂടെ സി.പി.എമ്മിന്റെ മുൻകാല പോരായ്മകൾകൂടി ചൂണ്ടിക്കാട്ടി വിശദീകരണക്കുറിപ്പും എഴുതി.
തിരഞ്ഞെടുപ്പിന് ഇനിയും 15 മാസമുണ്ടെന്നും ഓരോ വിഷയത്തെക്കുറിച്ചും ഇനിയും എഴുതാൻ അവസരമുണ്ടാവുമെന്നുമാണ് ഇന്നലെ അദ്ദേഹം പറഞ്ഞത്. ഇത് ഇത്ര വലിയ വിവാദമായതിൽ വലിയ അതിശയമുണ്ട്. ഇതേപോലുള്ള പോയിന്റുകൾ ഉൾപ്പെടുത്തി മൂന്നാഴ്ച മുമ്പ് കൊച്ചി ചേംബർ ഓഫ് കൊമേഴ്സിൽ പറഞ്ഞപ്പോൾ മാദ്ധ്യമങ്ങളാരും ശ്രദ്ധിച്ചില്ല. ലേഖനം വന്നപ്പോൾ വലിയ വിവാദമായി.
എളമരം കരീം മന്ത്രിയായിരിക്കെ ന്യൂയോർക്കിൽ വന്നപ്പോൾ സ്വന്തം ചെലവിൽ 40 നിക്ഷേപകരെ വിളിച്ച് ഒരു പ്രസന്റേഷൻ അവതരിപ്പിക്കാനും കേരളത്തിൽ നിക്ഷേപം നടത്താനും ആവശ്യപ്പെട്ട മലയാളിയാണ് താൻ. എന്നാൽ ആരും നിക്ഷേപത്തിന് തയ്യാറായില്ല. അതെന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ കേരളത്തിലെ സർക്കാരിനെ വിശ്വാസമില്ലെന്നാണ് പറഞ്ഞത്. എന്നാൽ, തമിഴ്നാട്ടിൽ ചുവന്ന കൊടിയുടെ തടസമുണ്ടാവില്ലെന്നും അക്കൂട്ടത്തിലെ ഒരു മലയാളി പറഞ്ഞു. കേരളത്തിൽ നിക്ഷേപം വരാനുള്ള ബുദ്ധിമുട്ട് ചുവന്ന കൊടി ഉയർത്തിനടക്കുന്ന പാർട്ടിതന്നെ മാറ്റുമ്പോൾ അത് സ്വീകരിക്കണം. അവർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാണെങ്കിൽ ആരും എതിർക്കാതിരിട്ടേ എന്നാണ് ലേഖനത്തിലൂടെ താൻ ചൂണ്ടിക്കാട്ടിയതെന്നും തരൂർ പറഞ്ഞു. പക്ഷേ, തരൂരിനെ എതിർക്കാനും വയ്യ ചുമക്കാനും വയ്യ എന്ന അവസ്ഥയിലാണ് യു.ഡി.എഫ്. അദ്ദേഹം കോൺഗ്രസ് വർക്കിംഗ് കമ്മിറ്രി അംഗമാണ്. അതിനാൽ രേഖാമൂലം പരാതി നൽകാനും കെ.പി.സി.സിക്കാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |